തിരുവനന്തപുരം: വിസി നിയമനത്തിൽ ഗവർണർ നിലപാട് കടുപ്പിച്ച സാഹചര്യത്തിൽ തുടർ നടപടി ചർച്ച ചെയ്യാൻ കേരള സർവകലാശാലയുടെ പ്രത്യേക സിൻഡിക്കേറ്റ് യോഗം ഇന്ന്(27.09.2022) ചേരും. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിർദേശിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം സർവകലാശാല തള്ളിയിരുന്നു. ഇതിന്മേലുള്ള നടപടികൾ യോഗം പരിശോധിക്കും.
സർവകലാശാലയുടെ അഭിപ്രായം കണക്കാക്കാതെ ഗവർണർ ഏകപക്ഷീയമായി നടപടികളുമായി മുന്നോട്ട് പോവുകയാണ്. സെനറ്റ് പ്രതിനിധി വൈകിയതിനെ തുടർന്ന് യുജിസിയുടെയും ഗവർണറുടെയും പ്രതിനിധികളെ മാത്രം ഉൾക്കൊള്ളിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ഒക്ടോബർ 24ന് വൈസ് ചാൻസലർ ആയ വിപി മഹാദേവൻ പിള്ളയുടെ കാലാവധി അവസാനിക്കുന്നതിനാൽ സെനറ്റ് പ്രതിനിധിയെ ഈ മാസം 26നു മുൻപ് നിർദേശിക്കണമെന്ന് ഗവർണർ കേരള വിസിയോട് നിർദേശിച്ചു.