കേരളം

kerala

By

Published : Nov 17, 2019, 12:51 PM IST

ETV Bharat / state

കേരള സർവകലാശാല മാർക്ക് തിരിമറി; മോഡറേഷന്‍ റദ്ദാക്കും

കേരള സര്‍വകലാശാല മാര്‍ക്ക് തിരിമറിയില്‍ മോഡറേഷന്‍ റദ്ദാക്കും. വിസിയുടെ നിര്‍ദേശം മോഡറേഷനില്‍ കൃത്രിമം നടന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന്

കേരള സർവകലാശാല മോഡറേഷന്‍ മാർക്ക് തിരിമറി; ഒരേ പരീക്ഷയിൽ നിരവധി തവണ മാർക്ക് തിരുത്തിയതായി വിദഗ്‌ധ സംഘം

തിരുവനന്തപുരം: കേരള സർവകലാശാല മാര്‍ക്ക് തിരിമറിയുമായി ബന്ധപ്പെട്ട് മോഡറേഷന്‍ റദ്ദാക്കുമെന്ന് വൈസ് ചാന്‍സലര്‍ വി.പി.മഹാദേവൻ പിള്ള. മോഡറേഷന്‍ ലഭിച്ചവരുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിന്‍വലിക്കാനും നിര്‍ദേശം. മോഡറേഷനില്‍ കൃത്രിമം നടന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിസിയുടെ തീരുമാനം. ഒരേ പരീക്ഷയിൽ നിരവധി തവണ മാർക്ക് തിരുത്തിയതായാണ് വിദഗ്‌ധ സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. കമ്പ്യൂട്ടർ വിദഗ്‌ധരുടെ മൂന്നംഗ സമിതിയാണ് പരിശോധന നടത്തിയത്. എന്നാൽ എത്ര വിദ്യാർഥികൾ ഇത്തരത്തിൽ ജയിച്ചുവെന്നത് വ്യക്തമല്ല. ആരാണ് തിരിമറി നടത്തിയതെന്ന കാര്യവും അവ്യക്തമാണ്.

തിരിമറിയുടെ എല്ലാ വശങ്ങളും പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ വൈസ് ചാന്‍സലര്‍ നിർദേശം നൽകി. കൂടുതൽ പരീക്ഷകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി. മോഡറേഷൻ തിരിമറിയുടെ ഉറവിടം സംബന്ധിച്ചും ഇതിൽ പങ്കാളികളായ ഉദ്യോഗസ്ഥരെ കുറിച്ചുമാണ് സർവകലാശാല പ്രധാനമായും അന്വേഷിക്കുന്നത്. രണ്ട് ദിവസത്തിനകം വിദഗ്‌ധ സമിതി റിപ്പോർട്ട് വിസിക്ക് കൈമാറും. ഇത് ക്രൈംബ്രാഞ്ചിന് കൈമാറാനാണ് യൂണിവേഴ്‌സിറ്റിയുടെ തീരുമാനം. 2016 ഡിസംബറില്‍ നടന്ന ബിസിഎ ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മോഡറേഷന്‍ മാര്‍ക്ക് തിരുത്തിയത് 2018 ജൂണ്‍ ഇരുപത്തിമൂന്നിനായിരുന്നു. അനുവദിച്ച രണ്ട് മാര്‍ക്ക് എട്ടായി ഉയര്‍ത്തി. ഇത്തരത്തില്‍ നല്‍കിയ മോഡറേഷനും മാര്‍ക്ക് ലിസ്റ്റും റദ്ദാക്കാനാണ് വിസിയുടെ നിര്‍ദേശം.

ABOUT THE AUTHOR

...view details