തിരുവനന്തപുരം:കലോത്സവത്തിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കായി 'കലാരത്നം' പുരസ്‌കാരം ഏർപ്പെടുത്തി കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം. നിലവിൽ കലോത്സവങ്ങളിൽ മികവ് തെളിയിക്കുന്ന ആൺകുട്ടികൾക്ക് കലാപ്രതിഭയും പെൺകുട്ടികൾക്ക് കലാതിലകവും പുരസ്‌കാരങ്ങൾ നൽകുന്നുണ്ട്.
കലോത്സവത്തിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് 'കലാരത്നം' പുരസ്‌കാരം; ചരിത്ര തീരുമാനവുമായി കേരള സർവകലാശാല - കലാരത്‌നം പുരസ്‌കാരം
ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കലാപ്രതിഭ, കലാതിലകം എന്നീ പുരസ്‌കാരങ്ങള്‍ നല്‍കുന്നതിന് പുറമെയാണ് കലാരത്‌നം പുരസ്‌കാരം
കേരള സർവകലാശാല യൂണിയൻ യുവജനോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന ട്രാൻസ്ജെൻഡർ വിദ്യാർഥിക്കാണ് ഈ പുരസ്‌കാരം. ഈ കഴിഞ്ഞ ഒന്‍പതാം തിയതി നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ചരിത്രപരമായ തീരുമാനം. സംസ്ഥാനത്ത് ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കായി പ്രത്യേക പുരസ്‌കാരം ഏർപ്പെടുത്തുന്ന ആദ്യ സർവകലാശാലയാണിത്.
കഴിഞ്ഞ വർഷം മുതൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് മത്സരങ്ങളിൽ പ്രത്യേകമായി പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. ഇത്തരത്തിൽ വിജയിയായ ഐവിൻ എന്ന വിദ്യാർഥിയുടെയും സർവകലാശാല യൂണിയന്‍റെയും ആവശ്യം പരിഗണിച്ച സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതി ഇതിനായി രൂപീകരിച്ചു. സിൻഡിക്കേറ്റ് അംഗവും വിദ്യാർഥി പ്രതിനിധിയുമായ എസ് സന്ദീപ് ലാൽ കൺവീനറായ ഉപസമിതി വിവിധ തലങ്ങളിൽ ചർച്ച നടത്തിയാണ് ഈ നിർദേശം സമർപ്പിച്ചത്. ഉപസമിതിയുടെ നിർദേശം കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. ഈ വർഷം മുതൽ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരം നൽകും.