കേരളം

kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കാൻ തീരുമാനം

കേരള-തമിഴ്നാട് മുഖ്യമന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മുഖ്യമന്ത്രിതലയോഗം ചേര്‍ന്നത് തിരുവനന്തപുരത്ത്. ചര്‍ച്ച വിജയമെന്ന് ഇരുമുഖ്യമന്ത്രിമാരും.

By

Published : Sep 25, 2019, 9:48 PM IST

Published : Sep 25, 2019, 9:48 PM IST

Updated : Sep 25, 2019, 9:54 PM IST

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും

തിരുവനന്തപുരം: കേരളവും തമിഴ്‌നാടുമായുള്ള പറമ്പിക്കുളം ആളിയാർ കരാർ പുതുക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതിനായി ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിതല കമ്മറ്റി രൂപീകരിക്കാൻ തിരുവനന്തപുരത്ത് ചേർന്ന മുഖ്യമന്ത്രിതല യോഗത്തില്‍ തീരുമാനമായി.

പറമ്പിക്കുളം- ആളിയാർ കരാറിന്‍റെ കാലാവധി 1988 നവംബറിൽ അവസാനിച്ചിരുന്നു. പല തവണ കരാർ പുതുക്കാൻ ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഇതുൾപ്പെടെയുള്ള ജല സംബന്ധ വിഷയങ്ങളിൽ മുഖ്യമന്ത്രിതല ചർച്ച നടന്നത്. കരാര്‍ പുതുക്കലിനായി തമിഴ്‌നാട് - കേരള പ്രതിനിധികൾ ഉൾപ്പെട്ട സെക്രട്ടറിതല കമ്മിറ്റി പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുല്ലപ്പെരിയാറിൽ ഡാം പ്രവർത്തിപ്പിക്കാൻ തമിഴ്‌നാടിന് വൈദ്യുതി നൽകാനും തീരുമാനിച്ചു. തമിഴ്‌നാടിന്‍റെ ആവശ്യമാണ് ജലമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പറഞ്ഞു. ചർച്ച വിജയമായിരുന്നുവെന്നും പരിഹാരത്തിന്‍റെ ആദ്യ ഘട്ടമായാണ് ചർച്ചയെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള, തമിഴ്‌നാട് ചീഫ് സെക്രട്ടറിമാർ ആറു മാസത്തിലൊരിക്കൽ യോഗം ചേർന്ന് സെക്രട്ടറി തല കമ്മിറ്റിയെടുക്കുന്ന തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തും. ജല സംബന്ധമായ മറ്റു വിഷയങ്ങളും സെക്രട്ടറിതല കമ്മിറ്റി പരിഗണിക്കും. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.രാജു, എം.എം മണി എന്നിവരും ചീഫ് സെക്രട്ടറിയും ചർച്ചയിൽ പങ്കെടുത്തു. തമിഴ്‌നാട്ടിൽ നിന്നും മന്ത്രിമാരായ പി. തങ്കമണി, എസ്.പി വേലു മണി, ഡെപ്യൂട്ടി സ്പീക്കർ പൊള്ളാച്ചി വിജയകുമാർ എന്നിവരും ചർച്ചയില്‍ പങ്കെടുത്തു.

Last Updated : Sep 25, 2019, 9:54 PM IST

ABOUT THE AUTHOR

...view details