തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ ഇടപെടലുകളുമായി സര്‍ക്കാര്‍. ആശുപത്രികളില്‍ കിടക്കയും ഐസിയുവും വെന്‍റിലേറ്ററും ഓക്‌സിജനും മരുന്നും ഉറപ്പുവരുത്താന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജയിലുകളില്‍ കൊവിഡ് പടരുന്നത് കണക്കിലെടുത്ത് പ്രത്യേകമായി പരോള്‍ നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിക്കും. എന്നാല്‍, എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ആര്‍ടിപിസിആര്‍ ടെസ്റ്റിന്‍റെ ഫലം വൈകുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ആളുകളെ കൂട്ടത്തോടെ പരിശോധനയ്ക്ക് വിധേയമാക്കിയതുകൊണ്ടാണ് ഫലം ലഭിക്കുന്നതില്‍ താമസം നേരിട്ടത്. ആ പ്രശ്‌നം പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് വ്യാപനം; മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ Read More:സംസ്ഥാനത്ത് ലോക്ക്‌ഡൗണിന് തുല്യമായ നിയന്ത്രണങ്ങള്‍
ഇഎസ്‌ഐ ആശുപത്രികളെ കൂടി കൊവിഡ് ചികിത്സയുടെ ഭാഗമാക്കണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് പരിശോധിക്കും. നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നുണ്ടെങ്കിലും ഉത്പാദന മേഖലയും നിര്‍മാണ മേഖലയും സ്‌തംഭിക്കരുതെന്നാണ് സര്‍ക്കാരിന്‍റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്‌പാദനാധിഷ്‌ഠിതമായ എല്ലാ പ്രവര്‍ത്തനങ്ങളും മുന്നോട്ട് പോകണം. അതുകൊണ്ടാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കുന്നത്. കൃഷി, വ്യവസായം, ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍, മത്സ്യബന്ധനം, പാല്‍ ഉത്‌പാദനം, തൊഴിലുറപ്പ് പദ്ധതി, കുടില്‍ വ്യവസായങ്ങൾ, നിര്‍മാണ പ്രവര്‍ത്തനം എന്നിവയൊന്നും സ്‌തംഭിക്കരുത്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് ഇവയെല്ലാം പ്രവര്‍ത്തിക്കണം.
എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്‌പിമാരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കിയിട്ടുണ്ട്. ജനത്തിരക്ക് കൂടുതലുള്ള വാക്‌സിന്‍ കേന്ദ്രങ്ങള്‍, മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ചന്ത എന്നീ സ്ഥലങ്ങളില്‍ സംഘം മിന്നല്‍ പരിശോധന നടത്തി നിയമനടപടി സ്വീകരിക്കും. കൊവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിന്യസിച്ച പൊലീസ് സംഘങ്ങളുടെ പ്രവര്‍ത്തനക്ഷമത നിരീക്ഷിക്കുന്നതിനും ഈ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ രോഗികളോട് കൊവിഡ് സേഫ്റ്റി എന്ന മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ക്വാറന്‍റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഈ സംവിധാനം ഏറെ പ്രയോജനപ്രദമായിരുന്നു. കൊവിഡ് രോഗികള്‍ ഈ ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ക്വാറന്‍റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ഈ ആപ്പ് പൊലീസിന് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.