തിരുവനന്തപുരം:സംസ്ഥാനത്ത് ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷല്‍ സ്കൂളുകൾക്കുള്ള പാക്കേജ് തുക ഉടൻ വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദേശത്തില്‍ ധനമന്ത്രി കെ എൻ ബാലഗോപാലും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സംസ്ഥാനത്ത് 301 സ്പെഷല്‍ സ്കൂളുകളാണ് ഉള്ളത്. ഇവയ്ക്കായി 45 കോടി രൂപയാണ് വിതരണം ചെയ്യുക.
സ്പെഷല്‍ സ്കൂളുകൾക്ക് അനുവദിച്ച തുക വിതരണം ചെയ്തിട്ടില്ല എന്ന് കാരണത്താൽ സെക്രട്ടേറിയറ്റ് ഉപവാസത്തിന് രക്ഷിതാക്കളും ജീവനക്കാരും മാനേജ്മെൻറ് അടങ്ങുന്ന സംയുക്ത സമരസമിതി തീരുമാനിച്ചിരുന്നു. പിന്നാലെയാണ് തുക വിതരണം ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദേശത്തിൽ തീരുമാനമായത്. 2021- 22ൽ 95 കോടി വകയിരുത്തിയെങ്കിലും 22.5 കോടി മാത്രമാണ് വിതരണം ചെയ്തത്. പുതിയ ബഡ്ജറ്റിൽ ഫണ്ട് ഒന്നും വകയിരുത്തിയിരുന്നില്ല. ഈ അവഗണനയുടെ പേരിൽ സമരത്തിന് ഒരുങ്ങുകയായിരുന്നു സംയുക്ത സമര സമിതി. സ്പെഷല്‍ സ്കൂൾ എംപ്ലോയീസ് യൂണിയൻ, പാരൻസ് അസോസിയേഷൻ ഓഫ് ഇൻ്റലക്ക്ച്വലി ഡിസേബിൾസ് അസോസിയേഷൻ , ഫോർ ദി വെൽഫെയർ ഓഫ് സ്പെഷ്യൽ സ്കൂൾ തുടങ്ങിയ സംഘടനകൾ സംയുക്തമായാണ് സമരത്തിന് ഒരുങ്ങിയിരിക്കുന്നത്.
Also Read:- ഇങ്ങനെയും ഒരു സ്കൂള്‍: ആകെ 4 വിദ്യാര്‍ഥികള്‍, 2 അധ്യാപകര്‍! അധികൃതരും നാട്ടുകാരും അവഗണിച്ച വിദ്യാലയം
സർക്കാർ കൃത്യമായി ഫണ്ട് നൽകാത്തതിനാൽ സ്പെഷല്‍ സ്കൂൾ അധ്യാപകരുടെ ശമ്പളവും സ്കൂളുകൾക്കുള്ള ഗ്രാൻഡ് മുടങ്ങിയിട്ട് ഒരു വർഷത്തോളമായി. സർക്കാരിൻറെ സഹായം ലഭിച്ചില്ലെങ്കിൽ സ്കൂളുകൾ അടച്ചു പൂട്ടേണ്ടി വരും എന്ന നിലയിലാണ്. അധ്യാപകർക്ക് 33000 രൂപയും ആയ മാർക്ക് പതിനെട്ടായിരം രൂപയും കുട്ടികളുടെ എണ്ണം അനുസരിച്ച് 6 ലക്ഷം മുതൽ 45 ലക്ഷം വരെയുമാണ് ഗ്രാൻ്റായി ലഭിക്കേണ്ടത്. സ്കൂളിലെ വിദ്യാർഥികൾക്ക് യൂണിഫോമിന് 1500 രൂപയും അനുവദിക്കുന്നുണ്ട്. സംസ്ഥാനത്ത് വിവിധ സ്പെഷൽ സ്കൂളുകളിലായി 25000 ത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ട്.