തിരുവനന്തപുരം: സ്‌മാർട്ട് സിറ്റി പദ്ധതിയുടെ (Kerala smart city project) ഭാഗമായി വാങ്ങിയ ബസുകൾ കേടാകുന്നത് തുടര്‍ക്കഥയാവുകയാണ്. സർവീസ് ആരംഭിച്ച് പത്താം ദിവസം വർക്ക് ഷോപ്പിലേക്ക് എത്തിയത് 12 ബസുകൾ. സർവീസ് ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഏഴ് ബസുകൾ കേടായിരുന്നു.
കേടായ ബസുകൾ നന്നാക്കാൻ കമ്പനി ജീവനക്കാർ എത്തിയതോടെ കേടായ കൂടുതൽ ബസുകൾ ഡിപ്പോകളിലെ വർക്ക് ഷോപ്പുകളിൽ എത്തുകയാണ്. ഓഗസ്റ്റ് 23നായിരുന്നു സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിൽ (Thiruvananthapuram town) പുതുതായി സർവീസ് നടത്താൻ 60 ഹൈബ്രിഡ് ഇലക്ട്രിക് ബസുകൾ (Hybrid electric buses) മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്‌തത്. ഫ്ലാഗ് ഓഫിന് ശേഷം കിള്ളിപ്പാലം മുതൽ സെക്രട്ടേറിയറ്റ് വരെ മുഖ്യമന്ത്രിയും മന്ത്രിമാരായ ആന്‍റണി രാജു, എംബി രാജേഷ്, വി ശിവൻകുട്ടി, ജിആർ അനിൽ തുടങ്ങിയവർ പുതിയ ബസുകളിൽ സഞ്ചരിക്കുകയും ചെയ്‌തിരുന്നു.
കിഫ്‌ബിയിൽ ഉൾപ്പെടുത്തി 100 കോടി രൂപ ചെലവാക്കിയാണ് പദ്ധതിയുടെ ആദ്യഘട്ടമായി 60 ബസുകൾ നിരത്തിലിറക്കിയത്. 104 കോടി രൂപയുടെ പദ്ധതിയിൽ 113 ബസുകളാണ് നിരത്തിലിറക്കാൻ ഉദ്ദേശിക്കുന്നത്. ഡീസൽ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതുഗതാഗതത്തിന് ഹരിത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് ആദ്യമായി പൊതുഗതാഗതത്തിന് ഐഷർ (Eicher Vehicle) വാഹനങ്ങൾ വാങ്ങുന്നത് കേരളമാണ്. വാഹനത്തിന്‍റെ ഡോർ, ബ്രേക്കിങ് സിസ്റ്റം, ചാർജിങ് സംവിധാനം എന്നിവയാണ് ഇപ്പോൾ ബസുകളിൽ കേടാകുന്നത്.