തിരുവനന്തപുരം: 533 കിലോമിറ്റര്‍ നീളമുള്ള കെ-റയില്‍ പാതയുടെ 3 കിലോ മീറ്റര്‍ പാലങ്ങളും 11.5 കിലോമീറ്റര്‍ തുരങ്കവുമെന്ന് ഡിപിആര്‍ വ്യക്തമാക്കുന്നു. പദ്ധതിക്കായി 293 കിലോമീറ്റര്‍ ദുരത്തില്‍ തടയണകള്‍ നിര്‍മിക്കേണ്ടി വരും. 101 കിലോമീറ്ററോളം റോഡുകള്‍ മുറിച്ചാകും പാതയുടെ നിര്‍മാണം.
11 ജില്ലകളിലാണ് പദ്ധതിക്കായി സ്ഥലമേറ്റെടുക്കേണ്ടി വരിക. പദ്ധതിയുടെ 67 ശതമാനം പഞ്ചായത്തുകളിലൂടെയും 15 ശതമാനം മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലൂടെയും 18 ശതമാനം കോര്‍പ്പറേഷനുകളുടെയും കടന്നു പോകും. പദ്ധതി നടപ്പാക്കുന്നതോടെ 1400 കുടുംബങ്ങളിലായി 7000 പേര്‍ക്ക് വീടുകള്‍ നഷ്‌ടമാകും. ഇവരെ പുനരധിവസിപ്പിക്കാനായി 10 ഇടങ്ങളിലായി ബഹുനില കെട്ടിടങ്ങള്‍ പണിയണമെന്നാണ് ഡിപിആറില്‍ പറയുന്നത്.
9 ആരാധനാലയങ്ങളാണ് പദ്ധതക്കായി പൊളിക്കണ്ടി വരിക. 3 ക്ഷേത്രങ്ങളും 5 മുസ്‌ലിം പള്ളികളും ഒരു ക്രിസ്ത്യന്‍ പള്ളിയുമാണ് പൊളിച്ചു മാറ്റേണ്ടി വരുന്നത്. ശ്രീഉജ്ജയ്‌നി മഹാകാളി അമ്മന്‍ കോവില്‍, കണ്ണൂര്‍ അര്‍പ്പന്‍തോട് ശ്രീ അരയാല്‍തറ മുത്തപ്പന്‍ കാവ്, കാസര്‍കോട് പള്ളിക്കര ശ്രീസുബ്രമണ്യ കോവില്‍ തുടങ്ങിയ അമ്പലങ്ങളാണ് പൊളിക്കേണ്ടത്.
കൊല്ലം പെന്തക്കോസ് മിഷന്‍ ചര്‍ച്ചാണ് പൊളിക്കേണ്ടി വരുന്ന ഏക ക്രിസ്ത്യന്‍ ദേവാലയം. തിരുവനന്തപുരം കണിയാപുരം ഠൗണ്‍ മസ്ജിദ്. തലക്കാട് വെങ്ങാലൂരിലെ രണ്ട് സുന്നി മസ്ജിദ്, പാവങ്ങാട് മസ്ജിദ്, ആനയിടുക്ക് ജുമാമസ്ജിദ്, കാസര്‍കോട് ഇസ്‌ലാമിയ മസ്ജിദ് എന്നിവയാണ് പൊളിക്കേണ്ടി വരുന്ന മുസ്‌ലിം ആരാധനാലയങ്ങള്‍. പൊളിക്കേണ്ടി വരുന്ന ആരാധനാലയങ്ങളുടെ ചിത്രങ്ങള്‍ സഹിതമാണ് ഡിപിആര്‍ തയാറാക്കിയിരിക്കുന്നത്.