കേരള തീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യത; തീരദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം - huge wave
തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികല്‍ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
തിരുവനന്തപുരം: ഞായറാഴ്ച രാത്രി 11:30 വരെ കാസർകോട് മുതൽ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് രണ്ട് മീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം. വേലിയേറ്റ സമയമായ രാവിലെ ഏഴ് മുതല്‍ 10 വരെയും വൈകിട്ട് ഏഴ് മുതല്‍ എട്ട് വരെയും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരാനും കടൽക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്. തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കേരള തീരത്തേക്ക് കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. കടൽ പ്രക്ഷുബ്‌ധമായ തീരങ്ങളിൽ വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.