കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ തുടരുന്നു, പൊലിഞ്ഞത് 111 ജീവനുകള്‍
കവളപ്പാറയില്‍ നിന്ന് ഇന്ന് കണ്ടെത്തിയത് മൂന്ന് പേരുടെ മൃതദേഹം. ഇതില്‍ രണ്ടു പേര്‍ കുട്ടികളാണ്
തിരുവനന്തപുരം:സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ മരിച്ചത് 111 പേര്‍. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കവളപ്പാറ മുത്തപ്പൻകുന്നിടിഞ്ഞുണ്ടായ ഉരുൾപൊട്ടലിൽ 59 പേരാണ് ഉൾപ്പെട്ടത്. ഒരാഴ്ച പിന്നിട്ട തെരച്ചിലിനൊടുവിൽ 36 പേരെയാണ് കണ്ടെത്താനായത്. ഇനി 23 പേരെ കണ്ടെത്താനുണ്ട്. രണ്ട് കുട്ടികളടക്കം മൂന്ന് പേരുടെ മൃതദേഹം ഇന്നാണ് കണ്ടെത്തിയത്.
ഇന്നലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇപ്പോൾ ലഭിക്കുന്ന മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വൈകിട്ട് ആറ് മണിയോടെ കവളപ്പാറയിലെത്തും. ദുരന്ത സ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും.
വയനാട് പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. ഇതിനകം പ്രദേശത്ത് നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും മറ്റ് ഏഴു പേരെ കണ്ടെത്താനായില്ല. ഒരാഴ്ച മുമ്പുണ്ടായ ദുരന്തത്തില്‍ കാണാതായ ഏഴ് പേര്‍ക്ക് വേണ്ടിയാണ് പുത്തുമലയില്‍ ഇന്നും തെരച്ചില്‍ നടക്കുന്നത്.
നൂറു കണക്കിന് സന്നദ്ധ സേവകരും മണ്ണ് മാന്തി യന്ത്രങ്ങളുപയോഗിച്ച് കിണഞ്ഞ് ശ്രമിച്ചിട്ടും കഴിഞ്ഞ നാല് ദിവസത്തെ തെരച്ചില്‍ വിഫലമാവുകയായിരുന്നു. സ്നിഫര്‍ ഡോഗുകളെയെത്തിച്ച് നടത്തിയ പരിശ്രമത്തില്‍ ആദ്യദിനം ഫലം കണ്ടില്ലെങ്കിലും ഇന്ന് വീണ്ടും ദൗത്യം തുടരുകയാണ്. സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. ഇടുക്കിയൊഴികെയുള്ള ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശങ്ങളില്ല. ഇടുക്കിയില്‍ ഉച്ചക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
TAGGED:
KAVALAPPARA