തിരുവനന്തപുരം:സംസ്ഥാനത്ത് മഴയ്ക്ക് ശക്തി കുറഞ്ഞെങ്കിലും അഞ്ച് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇന്ന് (മെയ് 20) ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ തമിഴ്‌നാടിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തമിഴ്‌നാട് മുതല്‍ മധ്യപ്രദേശിന് മുകളിലൂടെ ന്യുനമർദ പാത്തിയും നിലനില്‍ക്കുന്നു. ഇതിന്‍റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ ലഭിക്കുക.
സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന നിര്‍ദേശവും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കണ്‍ട്രോള്‍ റൂം തുറന്നു: മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് റവന്യു മന്ത്രിയുടെ ഓഫിസിൽ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. അടിയന്തര ഘട്ടത്തിൽ 8078548538 എന്ന നമ്പരിൽ ജനങ്ങള്‍ക്ക് ബന്ധപ്പെടാം. കനത്ത മഴയിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശ നഷ്‌ടങ്ങളാണ് റിപ്പോർട്ട് ചെയ്‌യുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ല ഭരണകൂടങ്ങള്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശമാണ് സര്‍ക്കാര്‍ നൽകിയത്.
READ MORE: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; മലയോര മേഖലകള്‍ മണ്ണിടിച്ചിൽ ഭീഷണിയിൽ, കൊച്ചിയിൽ വെള്ളക്കെട്ട്