തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Kerala Rain Update). വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. തിരുവനന്തപുരത്ത് വരുന്ന മൂന്ന് മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മിതമായ മഴയ്ക്കും സാധ്യതയുണ്ട് (Kerala rain update rain will continue in the state).
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്കും സാധ്യതയുണ്ട്. എന്നാല്‍ ഔദ്യോഗികമായി യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. വരും മണിക്കൂറുകളില്‍ മഴയുടെ തോത് കണക്കിലെടുത്ത് മുന്നറിയിപ്പുകള്‍ തുടരാനാണ് സാധ്യത.
തിരമാല ജാഗ്രത: സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ ഇന്ന് രാത്രി 11.30 വരെ കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ സാധ്യത പ്രവചിച്ച് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരത്ത് രാത്രി 11.30 വരെ 2.5 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലയ്ക്കുള്ള സാധ്യത പ്രവചിക്കുന്നു. അപകട മേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശം പരിഗണിച്ച് മാറി താമസിക്കണം. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട്, വെള്ളം തുടങ്ങിയ ഉപകരണങ്ങള്‍ ഹാര്‍ബറുകളില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. സുരക്ഷിത അകലം പാലിച്ച് കെട്ടിയിട്ടാല്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടത്തിനുള്ള സാധ്യത ഒഴിവാക്കും. മുന്നറിയിപ്പുകള്‍ പരിഗണിച്ച് ബീച്ചുകളിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം. കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കണം.