തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ മൂന്ന് ദിവസത്തിനിടെ മരിച്ചത് 33 പേര്‍. കോട്ടയം കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ 12 പേരുടെയും ഇടുക്കി കൊക്കയാറിലുണ്ടായ ഉരുള്‍ പൊട്ടലില്‍ ഏഴ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ബാക്കി മരണങ്ങള്‍ ഒഴുക്കില്‍പ്പെട്ടും വെള്ളക്കെട്ടില്‍ വീണുമാണെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് 281 ദുരിതാശ്വാസ ക്യാമ്പുകള്‍
സംസ്ഥാനത്ത് ഇതുവരെ 281 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 10,956 പേരാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്.
ഡാമുകള്‍ തുറന്നു
ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി, ഇടമലയാര്‍, പമ്പ ഡാമുകള്‍ തുറന്നു. ഇടമലയാറും പമ്പയും രാവിലെ ആറ് മണിക്കും ഇടുക്കി രാവിലെ 11 മണിക്കുമാണ് തുറന്നത്. ആശങ്ക ഉയർത്തുന്ന സാഹചര്യം നിലവിലില്ലെങ്കിലും മുൻകരുതലിന്‍റെ ഭാഗമായാണ് ഡാം തുറന്നത്.
ഇടമലയാറിൽ നിന്നും പുറന്തള്ളുന്ന വെള്ളം എട്ട് മണിയോടെ ഭൂതത്താൻകെട്ടിലും 12 മണിയോടെ കാലടി- ആലുവ ഭാഗത്തും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടുക്കി അണക്കെട്ടിൽ നിന്നും രാവിലെ 11 മണിക്ക് പെരിയാറിലേക്കൊഴുക്കുന്ന ജലവും 4 - 6 മണിക്കൂറിനുള്ളിൽ കാലടി - ആലുവ ഭാഗത്തെത്തും.
ഈ സാഹചര്യത്തില്‍ പാലക്കാട് വിന്യസിച്ചിരുന്ന എന്‍ഡിആര്‍എഫിന്‍റെ ഒരു ടീമിനെ എറണാകുളം ജില്ലയിലേക്ക് മാറ്റി നിയോഗിച്ചിട്ടുണ്ട്.
ദുരന്തനിവാരണ സേന സജ്ജം
സംസ്ഥാനത്താകെ പതിനൊന്ന് ദുരന്തനിവാരണ ടീമുകളാണ് വിവിധ ജില്ലകളിലായി ക്യാമ്പ് ചെയ്‌തിട്ടുള്ളത്. കരസേനയുടെ രണ്ട് ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും ഒന്ന് കോട്ടയത്തുമാണ്. എയര്‍ഫോഴ്‌സിന്‍റെ രണ്ട് ഹെലികോപ്റ്ററുകള്‍ തിരുവനന്തപുരത്തും കൊച്ചിയിലും സജ്ജമായിട്ടുണ്ട്.