തിരുവനന്തപുരം : ലഹരിവസ്‌തുക്കള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. സ്‌കൂള്‍, കോളജ് ബസ് സ്റ്റോപ്പുകളില്‍ പട്രോളിംഗ് ശക്തമാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അതിര്‍ത്തികളില്‍ പൊലീസ്, എക്സൈസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് റെയ്‌ഡ് നടത്തും. മയക്കുമരുന്ന് കടത്ത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി അധ്യക്ഷനായി ലഹരിവിരുദ്ധ പ്രചാരണത്തിന് രൂപീകരിച്ച സംസ്ഥാനസമിതിയുടെ തീരുമാനം. ലഹരിവിരുദ്ധ പ്രചാരണത്തിന് ഒക്ടോബര്‍ രണ്ടിന് തുടക്കമാകും.
മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാംപയിന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ മുഴുവന്‍ കേന്ദ്രങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രത്തിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. ഒക്ടോബര്‍ മൂന്നിന് വിദ്യാലയങ്ങളിലും കലാലയങ്ങളിലും ക്ലാസ് മുറികളില്‍ ലഹരിവിരുദ്ധ ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കും.
ഒക്ടോബര്‍ 6, 7 തീയതികളില്‍ എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ/ എം.പി.ടി.എ/ വികസന സമിതി നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ഒക്ടോബര്‍ 8 മുതല്‍ 12 വരെ വ്യത്യസ്‌ത കൂട്ടായ്‌മകളുടെ നേതൃത്വത്തില്‍ സംവാദവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിക്കും. ലൈബ്രറികള്‍, ഹോസ്റ്റലുകള്‍, ക്ലബ്ബുകള്‍, അയല്‍ക്കൂട്ടങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ തുടങ്ങിയ ഇടങ്ങളിലാണ് സംവാദവും പ്രതിജ്ഞയും നടത്തുക.
പട്ടികജാതി/പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഒക്ടോബര്‍ രണ്ട് മുതല്‍ 14 വരെയാണ് നടക്കുന്നത്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ വകുപ്പിന്‍റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ബോധവത്കരണവും എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനങ്ങളും നടത്തും. ഇതിന് ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗം വിളിക്കും.