തിരുവനന്തപുരം:അക്രമങ്ങള്‍ തടയാന്‍ 'ഓപ്പറേഷന്‍ കാവല്‍' പദ്ധതിയുമായി കേരള പൊലീസ്. ഒളിവില്‍ കഴിയുന്നവരെ അറസ്റ്റ് ചെയ്യാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. മയക്കുമരുന്ന് കടത്ത്, മണല്‍കടത്ത്, കള്ളക്കടത്ത്, സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ എന്നിവ തടയുന്നതിനുള്ള പ്രത്യേക പദ്ധതിയാണിത്.
കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയരാക്കും. വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടശേഷം ഒളിവില്‍ കഴിയുന്നവരെ കണ്ടെത്താനായി ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേകസംഘത്തിന് രൂപം നല്‍കും. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക സ്‌പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കുകയും പട്ടികയില്‍ ഉള്‍പ്പെട്ടവരെ കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്യും.
Also Read: കേരളത്തില്‍ യുഎഇ ഫുഡ് പാര്‍ക്ക് ആരംഭിക്കും; മുഖ്യമന്ത്രിക്ക് യുഎഇ മന്ത്രിയുടെ ഉറപ്പ്
ജാമ്യത്തിലിറങ്ങിയവര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ലംഘിച്ചതായി കണ്ടെത്തിയാല്‍ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കും. ഇതിനായി സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തും.
ക്രിമിനല്‍കേസിലെ പ്രതികളുടേയും കുറ്റവാളികള്‍ എന്ന് സംശയിക്കുന്നവരുടേയും നീക്കങ്ങള്‍ മനസ്സിലാക്കി അന്വേഷണം ഊര്‍ജ്ജിതമാക്കും.