തിരുവനന്തപുരം : ഈ വർഷത്തെ പ്ലസ് ടു, വിഎച്ച്എസ്‌ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ്‌ടുവിന് 82.95 ശതമാനവും വിഎച്ച്എസ്‌ഇക്ക് 78.39 ശതമാനവുമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ തവണ പ്ലസ് ടു വിജയ ശതമാനം 83.87, വിഎച്ച്എസ്‌ഇയിൽ 78.26 എന്നിങ്ങനെയായിരുന്നു.
പ്ലസ് ടു വിന് 4,32,436 കുട്ടികളും വിഎച്ച്എസ്‌ഇയില്‍ 28,495 കുട്ടികളുമാണ് പരീക്ഷയെഴുതിയത്. പ്ലസ് ടു വിഭാഗത്തിൽ 33,815 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 77 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
www.keralaresults.nic.in , www.prd.kerala.gov.in , www.result.kerala.gov.in , www.examresults.kerala.gov.in , www.results.kite.kerala.gov.in എന്നീ സൈറ്റുകളിൽ നാല് മണി മുതൽ ഫലം ലഭ്യമാകും. കൂടാതെ, SAPHALAM 2023, iExaMS - Kerala, PRD LiveBody എന്നീ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാണ്.
https://www.result.kite.kerala.gov.in/, https://keralaresults.nic.in/, https://play.google.com/store/apps/details?id=in.nic.kerala.dhsece, https://www.result.kite.kerala.gov.in/hse/index.html, https://www.result.kite.kerala.gov.in/vhse/index.html എന്നീ വെബ്സൈറ്റുകൾ വഴിയും ഫലം അറിയാം.
സയൻസ് വിഷയത്തിൽ 1,93,544 കുട്ടികളും, ഹ്യുമാനിറ്റീസിൽ 74,482, കൊമേഴ്‌സിൽ 1,08,109 വിദ്യാർഥികളുമാണ് ഇപ്രാവശ്യം പരീക്ഷ എഴുതിയത്. മാർച്ച് 10 മുതൽ മാർച്ച് 30 വരെയായിരുന്നു ഹയർ സെക്കൻഡറി പരീക്ഷകൾ നടന്നത്. ഇത്തവണ ഗ്രേസ് മാർക്കും അനുവദിച്ചിരുന്നു.
വിജയശതമാനത്തിന് മുന്നിൽ എറണാകുളം :പ്ലസ് ടുവിന് 3,76,135 കുട്ടികളാണ് റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയത്. ഇതില്‍ 3,12,005 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയതില്‍ 1,94,511 പെണ്‍കുട്ടികളില്‍ 1,73,731 പേര്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. 89.31 ആണ് വിജയ ശതമാനം.
1,81,624 ആണ്‍കുട്ടികളില്‍ 1,38,274 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 76.13 ആണ് വിജയ ശതമാനം. സയന്‍സ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ 1,93,544 വിദ്യാര്‍ഥികളില്‍ 1,68,975 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി (87.31 ശതമാനം).
ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 74,482 വിദ്യാർഥികളില്‍ 53,575 പേര്‍ വിജയിച്ചു (71.93ശതമാനം). കോമേഴ്‌സ് വിഭാഗത്തില്‍ 1,08,109 വിദ്യാര്‍ഥികളില്‍ 89,455 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി (82.75ശതമാനം). 33,815 കുട്ടികള്‍ എല്ലാ വിഷയത്തിലും പ്ലസ് ടു വിഭാഗത്തില്‍ എ പ്ലസ് നേടിയിട്ടുണ്ട്. ഇതില്‍ 26,001 പെണ്‍കുട്ടികളും 7,814 ആണ്‍കുട്ടികളുമാണ്.
സയന്‍സ് വിഭാഗത്തില്‍ 24,849പേര്‍ക്കും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 3,172 പേര്‍ക്കും കോമേഴ്‌സ് വിഭാഗത്തില്‍ 5,794 പേര്‍ക്കുമാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. 71 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം. കുറവ് വിജയ ശതമാനം പത്തനംതിട്ട ജില്ലയിലുമാണ്.
എറണാകുളം ജില്ലയില്‍ 87.55 ശതമാനവും പത്തനംതിട്ട ജില്ലയില്‍ 76.59 ശതമാനവുമാണ്. മലപ്പുറം ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് ഹയര്‍സെക്കൻഡറി സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്.
838 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ ഇവിടെ 715 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടിയത്. 77 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് വിജയ ശതമാനം കുറവാണ്.
സര്‍ക്കാര്‍ മേഖലയില്‍ 79.79 ശതമാനവും എയ്‌ഡഡ് സ്‌കൂളുകളില്‍ 86.31 ശതമാനവും അണ്‍എയ്‌ഡഡ് സ്‌കൂളുകളില്‍ 82.70 ശതമാനവുമാണ് വിജയ ശതമാനം. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറിയില്‍ 78.39 ശതമാനമാണ് വിജയ ശതമാനം. 28,495 പേര്‍ പരീക്ഷയെഴുതിയ വിഎച്ച്എസ്ഇയില്‍ 22,338 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.
373 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 12 സര്‍ക്കാര്‍ സ്‌കൂളുകളും എട്ട് എയ്‌ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടിയിട്ടുണ്ട്. ഹയര്‍സെക്കൻഡറി സിലബസ് പിന്തുടരുന്ന 15 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ 1,753 വിദ്യാര്‍ഥികളില്‍ 1,320 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 98 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിട്ടുണ്ട്.
ആര്‍ട് സ്‌കീമില്‍ കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍സെക്കൻഡറി സ്‌കൂളില്‍ പരീക്ഷ എഴുതിയ 64 പേരില്‍ 57 പേര്‍ വിജയിച്ചിട്ടുണ്ട്. 34,786 വിദ്യാര്‍ഥികള്‍ സ്‌കോര്‍ കേരള സ്‌കീമില്‍ പരീക്ഷയെഴുതി. ഇതില്‍ 16,950 പേര്‍ വിജയിച്ചു. ഇതിൽ 494 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. പ്രൈവറ്റ് കമ്പാര്‍ട്ട്‌മെന്‍റില്‍ 19,698 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 6,156 പേര്‍ വിജയിച്ചു.
2017 മാര്‍ച്ച് മുതല്‍ 2022 വരെ പരീക്ഷകള്‍ എഴുതി ഉപരിപഠനത്തിന് യോഗ്യത നേടാത്തവരാണ് ഈ സ്‌കീമില്‍ വരുന്നത്. ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെ 80 കേന്ദ്രങ്ങളിലായി 23,231 അധ്യാപകരാണ് ഉത്തരകടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് പുനര്‍മൂല്യ നിര്‍ണയത്തിന് മെയ് 25 മുതല്‍ അപേക്ഷ നല്‍കാം. സ്‌കൂളുകളിലാണ് ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്. 500 രൂപയാണ് ഒരു വിഷയത്തിന്‍റെ പുനര്‍മൂല്യനിര്‍ണയത്തിന് ഫീസായി നല്‍കേണ്ടത്. ഇരട്ട മൂല്യനിര്‍ണയം നടന്ന ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം എന്നിവയ്ക്ക് പുനര്‍മൂല്യനിര്‍ണയം അനുവദിക്കില്ല.
എസ്എസ്എൽസി ഫലം വന്നത് മെയ് 19ന്: 4.19 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 99.70 ആയിരുന്നു വിജയ ശതമാനം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വിജയ ശതമാനത്തില്‍ 0.44 വർധനവാണ് ഉണ്ടായത്. 99.26 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം.
68,604 കുട്ടികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. 44,363 വിദ്യാര്‍ഥികള്‍ക്കാണ് കഴിഞ്ഞ തവണ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയത്. റെഗുലര്‍ വിഭാഗത്തില്‍ 41,9128 കുട്ടികൾ പരീക്ഷ എഴുതി. ഇതില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയത് 41,7864 കുട്ടികളാണ്. 2,581 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാന്‍ കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 447 സ്‌കൂളുകൾ ഇത്തവണ അധികമായി നൂറ് ശതമാനം വിജയം നേടി. 951 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ഇത്തവണ 100 ശതമാനം വിജയം നേടാനായി. കണ്ണൂരായിരുന്നു വിജയ ശതമാനത്തിൽ ഏറ്റവും മുന്നിലായ റവന്യൂ ജില്ല. 99.94 ആയിരുന്നു ഇവിടെ വിജയ ശതമാനം. വയനാട് ആയിരുന്നു ഏറ്റവും കുറവ് വിജയ ശതമാനം നേടിയത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് മലപ്പുറം ജില്ലയിലായിരുന്നു.
Also read :എസ്‌എസ്‌എല്‍സി ഫലം: 99.70 ശതമാനം വിജയം, എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 68,604 കുട്ടികള്‍