തിരുവനന്തപുരം :കേരള പൊലീസില്‍ ഒരു രാഷ്ട്രീയ ഇടപെടലുകള്‍ക്കും വഴങ്ങിക്കൊടുക്കാത്ത ഉദ്യോഗസ്ഥന്‍ എന്ന് പൊതുവേ ഖ്യാതി നേടിയ ആളാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് പുതുതായി നിയമിതനാകുന്ന ഷെയ്‌ഖ് ദർവേഷ് സാഹിബ്. കേരളത്തില്‍ തുടര്‍ച്ചയായി ഭരണ മാറ്റമുണ്ടായ സന്ദര്‍ഭങ്ങളില്‍ പോലും ഇരു മുന്നണികളോടും സമദൂരം പാലിക്കുക എന്നതായിരുന്നു ദര്‍വേഷ് സാഹിബിന്‍റെ നയം. അതുകൊണ്ടു തന്നെ യുഡിഎഫ് ചായ്‌വുള്ള ഉദ്യോഗസ്ഥനെന്നോ എല്‍ഡിഎഫ് ചായ്‌വുള്ള ഉദ്യോഗസ്ഥനെന്നോ അദ്ദേഹം മുദ്രകുത്തപ്പെട്ടിട്ടില്ല.
ഭരിക്കുന്ന പാര്‍ട്ടിയോടൊപ്പം ഓടുന്ന ശീലവും അദ്ദേഹത്തിനുണ്ടായില്ല. രാഷ്ട്രീയമായ ഇടപെടലുകള്‍ പല ഘട്ടങ്ങളിലുണ്ടായപ്പോഴും ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അതില്‍ ചട്ടവും നിയമവും മുറുകെ പിടിച്ച് അദ്ദേഹം പൊലീസിന്‍റെ മൂല്യങ്ങള്‍ മുറുകെ പിടിച്ചു. കടുത്ത സമ്മര്‍ദം പല ഘട്ടങ്ങളിലും രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നുണ്ടായപ്പോള്‍ അതിന് കഴിയില്ലെന്ന് മുഖത്തു നോക്കി പറഞ്ഞ അദ്ദേഹം, തന്നെ സ്ഥാനത്ത് നിന്നു മാറ്റിക്കോളൂ എന്ന് രാഷ്ട്രീയ നേതൃത്വത്തോട് തുറന്നു പറയാന്‍ ആര്‍ജ്ജവം കാട്ടിയ ഉദ്യോഗസ്ഥനായിരുന്നു.
പദവികള്‍ക്കായി ആരുടെ പിന്നാലെയും അദ്ദേഹം പോയില്ല. ലഭിച്ച പദവികളില്‍ സംതൃപ്‌തനായിരുന്ന അദ്ദേഹം അവിടം മികച്ച ഇടമാക്കാനാണ് ശ്രമിച്ചത്. ഒരു പക്ഷേ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് കണ്ണുവച്ചിരുന്ന പലരെയും മറികടന്ന് ആ സ്ഥാനത്തെത്താന്‍ ഷെയ്‌ഖ് ദർവേഷ് സാഹിബിനെ തുണച്ചതും ഇതൊക്കെയാകാം എന്നാണ് വിലയിരുത്തപ്പെടുന്നത്.
1991 ബാച്ച് ഐപിഎസ് ഓഫിസറായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആന്‍റ് റെസ്‌ക്യൂ വിഭാഗം ഡയറക്‌ടര്‍ ജനറലാണ്. കേരള കേഡറില്‍ നെടുമങ്ങാട് എഎസ്‌പിയായി സര്‍വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്‌പിയായും എംഎസ്‌പി, കെഎപി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്‍റ് ആയും പ്രവര്‍ത്തിച്ചു.
ഗവര്‍ണറുടെ എഡിസിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്‍റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. എസ്‌പി റാങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും ജോലി നോക്കി. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ അസിസ്റ്റന്‍റ് ഡയറക്‌ടറും ഡെപ്യൂട്ടി ഡയറക്‌ടറുമായിരുന്നു.