കേരളം

kerala

ETV Bharat / state

കാട്ടുതീയിൽ കേരളത്തിന് നഷ്ടമായത് 25,669 ഹെക്ടർ വനസമ്പത്ത് - കേരളത്തിലെ വനംവകുപ്പ്

കഴിഞ്ഞ പത്തു വർഷത്തിനിടെ ഉണ്ടായ കാട്ടുതീയിലാണ് ഇത്രതോളം വനം നഷ്‌ട്ടമായത്. ബോധവത്കരണ പ്രവർത്തനങ്ങൾ സംസ്ഥാനവ്യാപകമായി നടത്തുന്നുണ്ടെങ്കിലും മനുഷ്യനിർമ്മിതമായ കാട്ടുതീ ഫലപ്രദമായി തടയാൻ സാധിക്കുന്നില്ലെന്ന് വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

കാട്ടുതീ  -forest-in-the-fire  fire in the forest  kerala forest news  kerala forest department  വനംവകുപ്പ്  കേരളത്തിലെ വനംവകുപ്പ്  ഹൈറേഞ്ച്
കാട്ടുതീയിൽ കേരളത്തിന് നഷ്ട്ടമായത് 25,669 ഹെക്ടർ വനസമ്പത്ത്

By

Published : May 10, 2021, 7:17 PM IST

Updated : May 10, 2021, 7:59 PM IST

തിരുവനന്തപുരം: കഴിഞ്ഞ പത്തു വർഷത്തിനിടെ ഉണ്ടായ കാട്ടുതീയിൽ സംസ്ഥാനത്തിന് നഷ്ടമായത്
25,669 ഹെക്ടർ വനസമ്പത്ത്. കഴിഞ്ഞ വർഷം മാത്രം 716 ഹെക്‌ടർ വനം കത്തിപ്പോയി. ഇക്കൊല്ലം ഏപ്രിൽ വരെയുള്ള കണക്കു പ്രകാരം 418 ഹെക്ടർ വനഭൂമി നഷ്ടപ്പെട്ടു. അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കാട്ടുതീ കുറഞ്ഞുവെന്നാണ് വനം വകുപ്പിൻ്റെ വിലയിരുത്തൽ.

വേനൽ രൂക്ഷമാകുന്ന ഡിസംബർ രണ്ടാം വാരം മുതൽ മേയ് അവസാന വാരം വരെയാണ് കാട്ടുതീക്കാലം.അഞ്ച് ഹെക്ടറിൽ കൂടുതൽ കത്തിനശിച്ചാൽ മാത്രമേ വനംവകുപ്പ് വലിയ കാട്ടുതീയായി കണക്കാക്കൂ. ഇക്കൊല്ലം വലിയ കാട്ടുതീ ഉണ്ടായത് കോട്ടയം, ചാലക്കുടി, നെന്മാറ വനം ഡിവിഷനുകളിലും തിരുവനന്തപുരം, പീച്ചി വൈൽഡ് ലൈഫ് ഡിവിഷനുകളിലുമാണ്. ചാലക്കുടി വനം ഡിവിഷനിലുണ്ടായ കാട്ടുതീ കെടുത്താൻ നാലു ദിവസം വേണ്ടി വന്നു. 68 ഹെക്ടർ സ്ഥലത്തെ വൃക്ഷങ്ങളും ജീവികളുമാണ് ഈ അപകടത്തിൽ കത്തിനശിച്ചത്.എത്ര തൈകളും മരങ്ങളും നഷ്ടപ്പെട്ടുവെന്ന് കണക്കെടുക്കുന്നത് മഴക്കാലത്തിനു ശേഷമാണ്.

തൃശ്ശൂർ, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളും കാട്ടുതീക്ക് സാധ്യതയുളള പ്രദേശങ്ങളാണ്. ഈ മേഖലകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താറുണ്ടെങ്കിലും സാമൂഹ്യ വിരുദ്ധരുടെ ഇടപെടലും വനത്തിനുള്ളിലും പരിസരത്തും തീ അലക്ഷ്യമായി കൈകാര്യം ചെയ്യുന്ന പ്രവണതയും പരിസ്ഥിതിക്ക് കനത്ത നഷ്ടമാണ് വരുത്തുന്നത്. കച്ചവട താത്പര്യങ്ങളുമായി വനത്തിലും പരിസരത്തും കടന്നുകൂടുന്നവരുടെ പ്രതികാര മനോഭാവവും കാട് കത്താൻ വഴിയൊരുക്കുന്നു.

വർഷം

കാട്ടുതീ

അപകടങ്ങളുടെ എണ്ണം

നശിച്ച വനം (ഹെക്‌ടറിൽ)
2009-10 460 2364
2010-11 1017 5640
2011-12 504 2360
2013-14 339 2633
2014-15 486 1756
2015-16 564 2024
2016-17 737 2994
2017-18 330 1279
2018-19 583 1789
2019-20 382 716.64

കഴിഞ്ഞ പത്തു വർഷത്തിനിടെ എറ്റവും കനത്ത നഷ്ടമുണ്ടായത് 2010 - 11 ലാണ്. 1017 സംഭവങ്ങളിലായി 5640 ഹെക്ടർ വന ഭൂമി കത്തിനശിച്ചു. 716.64 ഹെക്ടർ കത്തിപ്പോയ 2019 - 20 ലാണ് ഏറ്റവും കുറവ് വനഭൂമി നഷ്‌ട്ടമായത്. 2009- 10, 2011- 12, 2012- 13, 2015-16, 2016- 17 വർഷങ്ങളിൽ രണ്ടായിരത്തിലേറെ ഹെക്ടർ വനഭൂമി കത്തിനശിച്ചിരുന്നു.

ഈ വർഷം ഏപ്രിൽ വരെ 418 ഹെക്‌ടർ വനഭൂമി കത്തി നശിച്ചു. ഹൈറേഞ്ച് വനം സർക്കിളിൽ 101.94 ഹെക്ടറാണ് നഷ്ടം. 72.02 ഹെക്ടർ കത്തിപ്പോയ കോട്ടയം ഡിവിഷനിലാണ് കൂടുതൽ. 69.58 ഹെക്ടർ കത്തിനശിച്ച ചാലക്കുടി, 23.75 ഹെക്ടർ കത്തിനശിച്ച തൃശ്ശൂർ എന്നിവ ഉൾപ്പെട്ട സെൻട്രൽ സർക്കിളിൽ 93.33 ഹെക്ടറാണ് ആകെ നഷ്ടം. നെന്മാറയും മണ്ണാർക്കാടും പാലക്കാടും ഉൾപ്പെട്ട ഈസ്റ്റേൺ സർക്കിളിൽ 106.84 ഹെക്ടറും കത്തിപ്പോയി. തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷനിൽ 33.75 ഹെക്ടറിൻ്റെയും പീച്ചി വൈൽഡ് ലൈഫ് ഡിവിഷനിൽ 23 ഹെക്ടറിൻ്റെയും നഷ്ടമുണ്ട്.

കൂടുതൽ വായനയ്ക്ക്:കാട്ടുതീ പടരുന്നത് ഒഴിവാക്കാൻ നടപടികളുമായി അഗ്നി ശമനസേനയും വനം വകുപ്പും

കാട്ടുതീ നേരിടുന്നതിന് വനംവകുപ്പ് എന്തൊക്കെ ചെയ്യുന്നു.

  • കാട്ടുതീ ഉണ്ടാകുന്ന സാഹചര്യത്തിൽ വേഗം തീയണയ്ക്കുന്നതിന് വനംവകുപ്പ് രണ്ട് ഫയർ റെസ്പോൺസർ വാഹനങ്ങൾ അടുത്തിടെ വാങ്ങിയിരുന്നു.
  • ഉൾവനങ്ങളിലേക്ക് വേഗത്തിലെത്താവുന്നതും രക്ഷാപ്രവർത്തകർക്ക് ധരിക്കാനുള്ള ആധുനിക ഫയർ സ്യൂട്ട്, അനുബന്ധ ഉപകരണങ്ങൾ എന്നിവ സജ്ജമാക്കിയതുമായ വാഹനങ്ങളാണിവ.
  • ഇതിനൊപ്പം വനമേഖലകളെ കാട്ടുതീസാധ്യതയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് പ്രതിരോധപ്രവർത്തനങ്ങൾ വിഭാവനം ചെയ്തിട്ടുണ്ടെന്നാണ് വനം വകുപ്പ് വിശദീകരിക്കുന്നത്.
  • മുൻകൂട്ടി കത്തിക്കൽ, നിയന്ത്രിത കത്തിക്കൽ, ഫയർലൈൻ തെളിക്കൽ തുടങ്ങിയവയും വനംവകുപ്പ് നടത്തുന്നുണ്ട്.
  • സ്ഥിരവും താൽക്കാലികവുമായ ഫയർ വാച്ച് ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്.
  • കാട്ടുതീ ഉണ്ടായാൽ മൊബൈലിൽ വിവരം ലഭിക്കുന്ന തരത്തിൽ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ രൂപീകരിച്ച ഫയർ അലർട്ട് സിസ്റ്റവും വനംവകുപ്പ് ഉപയോഗിക്കുന്നു.


ബോധവത്കരണ പ്രവർത്തനങ്ങളും സംസ്ഥാനവ്യാപകമായി നടത്തുന്നുണ്ടെങ്കിലും മനുഷ്യനിർമ്മിതമായ കാട്ടുതീ ഫലപ്രദമായി തടയാൻ സാധിക്കുന്നില്ലെന്നും വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

Last Updated : May 10, 2021, 7:59 PM IST

ABOUT THE AUTHOR

...view details