തിരുവനന്തപുരം :കേരളത്തിൽ ഇന്ന് മുതൽ ജൂൺ 15 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും (24 മണിക്കൂറിൽ 7 -11 സെന്‍റീമീറ്റർ മഴ) സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ജൂൺ 15-ാം തീയതി വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖാപിച്ചിട്ടുണ്ട്. കേരളത്തിന്‍റെ വടക്കൻ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയുണ്ട്.
എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
ശക്തി പ്രാപിച്ച് ബിപോർജോയ് ചുഴലിക്കാറ്റ് : മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ ബിപോർജോയ് അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ജൂൺ 14 രാവിലെ വരെ വടക്ക് ദിശയിൽ സഞ്ചരിച്ചു. തുടർന്ന് വടക്ക് - വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര ആൻ്റ് കച്ച് അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മണ്ഡവിക്കും (ഗുജറാത്ത്) കറാച്ചിക്കും ഇടയിൽ ജൂൺ 15 ന് പരമാവധി 150 കി.മീ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.