തിരുവനന്തപുരം :സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. അധിക ചുമതല ഉൾപ്പടെ നൽകിക്കൊണ്ട് 7 ഐഎഎസ് ഉദ്യോഗസ്ഥരെയാണ് മറ്റ് വകുപ്പുകളിലേക്ക് മാറ്റിയത്. കൂടാതെ 11 ഉദ്യോഗസ്ഥർക്കും അധിക ചുമതല നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.
ഡോ മിനി ആന്‍റണി, അശോക് കുമാർ സിങ്, എംജി രാജമാണിക്യം, ശ്രീറാം സാമ്പസ്യ, ജോഷി മൃൺമയി, ഗോപാലകൃഷ്‌ണൻ കെ, സ്നേഹിൽ കുമാർ സിങ് എന്നിവർക്കാണ് അധിക ചുമതല നൽകിയത്. സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായിരുന്ന റാണി ജോർജിനെ സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു .
സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിഞ്ഞ എം ശിവശങ്കർ ഈ മാസം 31ന് വിരമിക്കുന്നതിനെ തുടർന്ന് കായിക യുവജന കാര്യ വകുപ്പ് സെക്രട്ടറിയായി പ്രണബ് ജ്യോതിനാഥ് ചുമതലയേല്‍ക്കും. പാലക്കാട് കലക്‌ടറായി എസ് ചിത്ര ചുമതലയേല്‍ക്കും. ഇപ്പോഴത്തെ പാലക്കാട് കലക്‌ടർ ജോഷി മൃണ്‍മയി ദേശീയ ആരോഗ്യ മിഷന്‍റെ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ ഡയറക്‌ടറാകും.
ദേശീയ ആരോഗ്യ മിഷൻ ഡയറക്‌ടർ ആയിരുന്ന ഗോപാലകൃഷ്‌ണൻ ഐഎഎസിനെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ മാനേജിങ് ഡയറക്‌ടറായി നിയമിച്ചു. അധിക ചുമതലയായി ചെയർമാൻ സ്ഥാനവും തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വവും നൽകിയിട്ടുണ്ട് . പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന അജിത് കുമാറിന് തൊഴിൽ നൈപുണ്യ വകുപ്പ് സെക്രട്ടറിയായി ചുമതല നൽകി.
കൃഷി വികസന കർഷക ക്ഷേമകാര്യ വകുപ്പ് ഡയറക്‌ടർ ആയ സുഭാഷ് ടിവിക്ക് പട്ടികജാതി വികസന വകുപ്പ് ഡയറക്‌ടറുടെ ചുമതല നൽകി. പട്ടികജാതി വികസന വകുപ്പ് ഡയറക്‌ടറായ അഞ്ജു കെഎസിന് കാർഷിക വികസന കർഷക ക്ഷേമകാര്യ വകുപ്പ് ഡയറക്‌ടറായി ചുമതല നൽകി.