തിരുവനന്തപുരം:കനത്ത മഴയുടെ പശ്ചാത്തലത്തില്‍സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതോടെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത കണക്കിലെടുത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ജില്ല കളക്‌ടര്‍മാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
വയനാട്ടില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍, അംഗണവാടികള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി എസ് സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്ന് നടക്കാനിരുന്ന പ്രവേശന നടപടികളും മാറ്റി വച്ചിരുന്നു.
ഇന്നലെ (ജൂലൈ 23) രാത്രി വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ ഇടവിട്ട് വ്യാപകമായി മഴ ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരും തീരദേശത്തും പുഴയരികിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരങ്ങളില്‍ നാളെ (ജൂലൈ 25) രാത്രി 11.30 വരെ 2.8 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.