തിരുവനന്തപുരം :സംസ്ഥാനത്ത് നിപ ആശങ്ക അകന്നതായി ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. വൈറസിന്‍റെ ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞിട്ടും മറ്റ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഈ വിലയിരുത്തൽ.
നിലവിലെ സഹചര്യത്തിൽ കോഴിക്കോട് കണ്ടെയ്‌ന്‍മെന്‍റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എന്നാൽ, നിപ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടെയ്‌ന്‍മെന്‍റ് സോണായി തുടരും.
'ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ കഴിയണം'
മെഡിക്കല്‍ ബോര്‍ഡിന്‍റെയും വിദഗ്‌ധ സമിതിയുടെയും നിര്‍ദേശ പ്രകാരമാണ് തീരുമാനമെടുത്തത്. മറ്റ് പ്രദേശങ്ങളില്‍ കടകള്‍ തുറക്കാനും യാത്ര ചെയ്യാനും അനുമതി നൽകി. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയണം.
എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. ഇളവ് സംബന്ധിച്ചുള്ള ഉത്തരവ് ജില്ല കലക്ടര്‍ പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ നിര്‍ത്തിവച്ചിരുന്ന കൊവിഡ് വാക്‌സിനേഷന്‍ ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും.