തിരുവനന്തപുരം: സംസ്ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി വഴി 'ഡോക്‌ടര്‍ ടു ഡോക്‌ടര്‍' സേവനങ്ങള്‍ (doctor to doctor service by e-sanjeevani) ആരംഭിച്ചു. ആരോഗ്യ സ്ഥാപനങ്ങളിലുള്ള തിരക്കുകള്‍ കുറയ്‌ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് (health minister veena george) പറഞ്ഞു.
ആശുപത്രിയില്‍ എത്തുന്ന രോഗിക്ക് വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സേവനം ആവശ്യമെങ്കില്‍ മറ്റ് ആശുപത്രിയിലേക്ക് പോകാതെ തന്നെ ഇ-സഞ്ജീവനി പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തി തുടര്‍ ചികിത്സ നടത്താവുന്ന സൗകര്യമാണ് ഡോക്‌ടര്‍ ടു ഡോക്‌ടര്‍ സേവനം. ഇതിനായി ആരോഗ്യവകുപ്പ് സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാരുടെ പട്ടിക തയ്യാറാക്കി സോഫ്റ്റ് വെയറില്‍ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. ഒപിയിലെ ഡോക്ടര്‍ രോഗിക്ക് വേണ്ട സ്പെഷ്യാലിറ്റി ഡോക്ടറെ ബന്ധപ്പെടുത്തുന്നതാണ് പദ്ധതി.
നിലവില്‍ ഒപി സേവനങ്ങള്‍ സ്വീകരിക്കുന്നവരില്‍ വലിയൊരു ശതമാനം ആളുകളും തുടര്‍ ചികിത്സ വേണ്ടവരാണ്. തുടര്‍ ചികിത്സയ്ക്കായി വിദഗ്‌ധ ഡോക്‌ടറെ കാണാന്‍ വലിയ ആശുപത്രികളില്‍ വലിയ തിരക്കുണ്ടാകും. ഇതിനൊരു പരിഹാരമായാണ് ഡോക്‌ടര്‍ ടു ഡോക്‌ടര്‍ സേവനം നടപ്പിലാക്കുന്നത്.
എല്ലാ ജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കാന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കിയിരുന്നു. കോഴിക്കോട് ജില്ലയാണ് സേവനം വിജയകരമായി നടപ്പിലാക്കിയത്. മറ്റ് ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ സംസ്ഥാന വ്യാപകമായി ഡോക്‌ടര്‍ ടു ഡോക്‌ടര്‍ സേവനം ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.