കേരളം

kerala

ETV Bharat / state

കേന്ദ്ര ധനമന്ത്രിയുടെ മറുപടി വന്നു; പിന്നാലെ ജിഎസ്‌ടി നഷ്‌ടപരിഹാരം വെട്ടിക്കുറച്ചെന്ന ബജറ്റ് പരാമര്‍ശം വിഴുങ്ങി ബാലഗോപാല്‍ - സംസ്ഥാന ബജറ്റ്

ജിഎസ്‌ടി നഷ്‌ടപരിഹാരമായി സംസ്ഥാനത്തിന് നടപ്പ് വര്‍ഷം 7,000 കോടി രൂപയുടെ കുറവുണ്ടായെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് പ്രസംഗത്തിനിടെയാണ് ആരോപിച്ചത്. ബജറ്റ് പ്രസംഗത്തിന്‍റെ 10-ാം ഖണ്ഡികയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

kerala gst compensation  gst  gst compensation  central government  kerala  finmin nirmala sitaraman  kn balagopal  ജിഎസ്‌ടി നഷ്‌ടപരിഹാരം  കെഎന്‍ ബാലഗോപാല്‍  ജിഎസ്‌ടി  സംസ്ഥാന ബജറ്റ്  കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍
KN Balagopal

By

Published : Feb 14, 2023, 1:50 PM IST

തിരുവനന്തപുരം: ഫെബ്രുവരി 23 ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് പണം നല്‍കാതെ ശ്വാസം മുട്ടിച്ചു കൊല്ലുന്നുവെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ വാദങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു. ജിഎസ്‌ടി നഷ്‌ടപരിഹാരം അവസാനിച്ചതിന്‍റെ ഫലമായി നടപ്പ് വര്‍ഷം 7,000 കോടി രൂപയുടെ കുറവുണ്ടായെന്നാണ് ബജറ്റ് പ്രസംഗത്തിന്‍റെ 10-ാം ഖണ്ഡികയില്‍ ധനമന്ത്രി ആരോപിച്ചത്. എന്നാല്‍ ഇന്നലെ ലോക്‌സഭയില്‍ എന്‍ കെ പ്രേമചന്ദ്രന്‍റെ ചോദ്യത്തിനുത്തരമായി ധനമന്ത്രി നിര്‍മല സീതാരാമന്‍റെ മറുപടിയോടെ ബജറ്റ് പ്രസംഗത്തിലെ 7,000 കോടി കുറവ് എന്ന ആരോപണത്തില്‍ നിന്ന് ധനമന്ത്രിക്ക് പിന്നോട്ടു പോകേണ്ടി വന്നു.

ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശം

മാത്രമല്ല, ജിഎസ്‌ടി നഷ്‌ടപരിഹാരമായി സംസ്ഥാനത്തിന് ഇനി ലഭിക്കാനുള്ളത് 750 കോടി രൂപ മാത്രമെന്ന് മന്ത്രിക്ക് തിരുത്തേണ്ടി വന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ മലക്കം മറിച്ചില്‍. മാത്രമല്ല, 2017-18 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെ സംസ്ഥാനത്തിന് ജിഎസ്‌ടി നഷ്‌ടപരിഹാരമായി കേന്ദ്രം നിശ്ചയിച്ച 42,639 കോടി രൂപയില്‍ 41,779 കോടി രൂപയും സംസ്ഥാനത്തിനു കിട്ടിക്കഴിഞ്ഞതായും ഇനി വെറും 750 കോടി മാത്രമേ ഉള്ളൂവെന്നും മന്ത്രി സമ്മതിച്ചു.

ജിഎസ്‌ടി നഷ്‌ടപരിഹാരമായി 7,000 കോടി രൂപയും റവന്യൂകമ്മി ഗ്രാന്‍ഡായി 6,700 കോടിയും കേന്ദ്രം വെട്ടിക്കുറവ് വരുത്തിയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിലെഴുതി വായിച്ചു. എന്നാല്‍ റവന്യൂ കമ്മി ഗ്രാന്‍ഡിന്‍റെ കാര്യത്തിലും മന്ത്രിയുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞു. പെട്രോള്‍, ഡീസല്‍ സെസ് ഏര്‍പ്പെടുത്തേണ്ടി വന്നത് കേന്ദ്രം ഈ രീതിയില്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നത് കൊണ്ടാണെന്നായിരുന്നു മന്ത്രി ഉയര്‍ത്തിയ വാദങ്ങള്‍.

എന്നാല്‍ 2021-26 സാമ്പത്തിക വര്‍ഷത്തില്‍ ധനകാര്യ കമ്മിഷന്‍ നിശ്ചയിച്ച റവന്യൂ കമ്മി ഗ്രാന്‍ഡായ 53,137 കോടി രൂപയില്‍ ഇതിനകം സംസ്ഥാനത്തിന് 39,605 കോടി രൂപയും ലഭിച്ചു കഴിഞ്ഞതായി ധനമന്ത്രി തന്നെ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ധന കമ്മിഷന്‍ നിശ്ചയിച്ച സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി ഗ്രാന്‍ഡിന്‍റെ 70 ശതമാനത്തിലധികം ഇതിനകം സംസ്ഥാനത്തിന് കിട്ടിക്കഴിഞ്ഞു. എന്നിട്ടും ബജറ്റില്‍ 6,700 കോടി കേന്ദ്രം വെട്ടിക്കുറച്ചു എന്ന്‌ എഴുതി വായിച്ചതിനെ ബജറ്റ് ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് അംഗം എ.പി അനില്‍കുമാര്‍ ചോദ്യം ചെയ്‌തിരുന്നു.

ബജറ്റ് ചര്‍ച്ചയ്ക്ക് ബാലഗോപാല്‍ മറുപടി പറയുന്നതിനിടെ കണക്കുകള്‍ നിരത്തി അനില്‍കുമാര്‍ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായി ബിജെപിക്കു വേണ്ടി കോണ്‍ഗ്രസ് അംഗം സംസാരിക്കുകയാണെന്നും ബിജെപിയുടെ ഭാഷയാണ് അനില്‍കുമാറിന്‍റേതെന്നുമാണ് ബാലഗോപാല്‍ പ്രതികരിച്ചത്. അതെല്ലാം ഇപ്പോള്‍ വെറും വാദങ്ങളായിരുന്നു എന്നു ബാലഗോപാലിനു തന്നെ സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്.

എ.ജി അംഗീകരിച്ച കണക്ക് സമര്‍പ്പിക്കാത്തതാണ് കേരളത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം ലഭിക്കുന്നത് വൈകാന്‍ കാരണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്രത്തില്‍ നിന്നും നികുതി വിഹിതം ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്‍റെയും ധനമന്ത്രിയുടെയും പിടിപ്പുകേടാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. സര്‍ക്കാരിന്‍റെ കഴിവില്ലായ്‌മയുടെ ഭാരം ജനങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാരും ധനമന്ത്രിയും ശ്രമിക്കുന്നതെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ സംയോജിത ചരക്ക് സേവന നികുതി ഇനത്തില്‍ സംസ്ഥാനത്തിന് അര്‍ഹമായി വിഹിതം ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി രംഗത്തു വന്നു. ഇതു സംബന്ധിച്ച് ആവശ്യമായ രേഖ സമയത്ത് കേന്ദ്രത്തിന് സമര്‍പ്പിക്കാത്തതിലൂടെ പ്രതിവര്‍ഷം സംസ്ഥാനത്തിന് 5000 കോടി രൂപ നഷ്‌ടമാകുന്നുണ്ടെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു. ഇക്കാര്യമാണ് താന്‍ ലോക്‌സഭയിലുന്നയിച്ചതെന്നും ജിഎസ്‌ടി കുടിശിക എന്ന് വരുത്തി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ധനമന്ത്രി നടത്തുന്നതെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details