തിരുവനന്തപുരം:കേന്ദ്ര സർക്കാരിനെ വിമർശിച്ചും സംസ്ഥാന സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണി പറഞ്ഞും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കം. കൊവിഡ് പ്രതിസന്ധി കാലത്ത് സംസ്ഥാന സർക്കാരിന്‍റെ ഇടപെടലിനെ പരാമർശിച്ചാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ജനങ്ങളുടെ ജീവനും സാമ്പത്തികസ്ഥിതിയും സംരക്ഷിക്കാൻ കൊവിഡ് പ്രതിസന്ധി കാലത്ത് സർക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
'തമിഴ്‌നാട്ടിന് ജലം, കേരളത്തിന് സുരക്ഷ'
കൊവിഡ് മഹാമാരിയിൽ മരിച്ചവർക്ക് അടിയന്തരമായി സഹായം നൽകി. നൂറുദിന കർമ പദ്ധതികൾ പ്രശംസനീയമാണ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സംസ്ഥാനത്തിൻ്റെ നയം. തമിഴ്‌നാട്ടിന് ജലം, കേരളത്തിന് സുരക്ഷ എന്നതിൽ മാറ്റമില്ല. ജലനിരപ്പ് 136 അടിയിൽ നിർത്തണം. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സഹായിക്കേണ്ടത് കേന്ദ്രമാണ്. ഇത് കേന്ദ്ര സർക്കാരിന്‍റെ ബാധ്യതയാണ്.
സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ജി.എസ്.ടി കേന്ദ്ര വിഹിതത്തിൽ കുറവുവന്നിട്ടുണ്ട്. ഇത് സംസ്ഥാനത്ത് എത്തുന്നത് കടുത്ത വെല്ലുവിളിയാണ്. കെ റെയിൽ പദ്ധതി പുതിയ യാത്ര ചരിത്രം സൃഷ്‌ടിക്കും. പരിസ്ഥിതി സൗഹാർദ പദ്ധതിയാണ് കെ റയിൽ. ഇത് സംസ്ഥാനത്തെ കൂടുതൽ വ്യവസായങ്ങൾ എത്തിക്കും. കെ റെയില്‍ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. ഒരു ഗ്രീൻ ഇനിഷ്യേറ്റീവാണ് പദ്ധതി.