കേരളം

kerala

ETV Bharat / state

സ്പെഷ്യൽ സ്‌കൂളുകള്‍ക്ക് തുക അനുവദിക്കുന്നതിന് ഗ്രേഡിങ് നടത്താന്‍ മാനദണ്ഡ രേഖ തയ്യാറാക്കി സർക്കാർ

എൻജിഒകൾ നടത്തുന്ന സ്പെഷ്യൽ സ്‌കൂളുകൾക്കായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സ്പെഷ്യൽ സ്‌കൂൾ പാക്കേജ് തുക വിതരണം ചെയ്യുന്നതിനായാണ് മാനദണ്ഡ രേഖ

By

Published : May 27, 2023, 9:45 PM IST

Kerala Government  criteria document for grading special schools  special schools  grading special schools to allocate funds  സ്പെഷ്യൽ സ്‌കൂളുകള്‍ക്ക് തുക അനുവദിക്കുന്നതിന്  സ്പെഷ്യൽ സ്‌കൂളുകള്‍  സർക്കാർ  മാനദണ്ഡ രേഖ  ശിവൻകുട്ടി
സ്പെഷ്യൽ സ്‌കൂളുകള്‍ക്ക് തുക അനുവദിക്കുന്നതിന് ഗ്രേഡിങ് നടത്താന്‍ മാനദണ്ഡ രേഖ തയ്യാറാക്കി സർക്കാർ

തിരുവനന്തപുരം: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുവേണ്ടി എൻജിഒകൾ നടത്തുന്ന സ്പെഷ്യൽ സ്‌കൂളുകൾക്കായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സ്പെഷ്യൽ സ്‌കൂൾ പാക്കേജ് തുക വിതരണം ചെയ്യുന്നതിന് സ്‌കൂളുകളെ ഗ്രേഡിങ് നടത്തി തെരഞ്ഞെടുക്കുന്നതിന് സമഗ്ര മാനദണ്ഡ രേഖ തയ്യാറാക്കി സർക്കാർ. മാനദണ്ഡങ്ങൾ പുതുക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ സ്‌കൂളുകളുടെ സംഘടനയും മാനേജ്മെന്‍റുകളും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടർ (അക്കാദമിക്) ചെയർമാനായ സമിതി റിപ്പോർട്ട് സമർപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ച് ഉത്തരവിറക്കിയത്.

സ്പെഷ്യൽ സ്‌കൂളുകളിൽ ആദ്യ ഘട്ടത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥർ പരിശോധന നടത്തും. തുടർന്ന് ഈ പരിശോധന കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താൻ സർക്കാർ തലത്തിലും പരിശോധനകൾ ഉണ്ടാകും. ഈ പരിശോധനയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ഗ്രേഡിങ് അന്തിമമായിരിക്കുന്നത്. ധനസഹായ വിതരണത്തിന് സ്‌കൂളുകൾക്ക് പ്രയോജനമാകുന്ന തരത്തിൽ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തി ജൂൺ 15 ന് മുമ്പായി പാക്കേജിനുള്ള അപേക്ഷ ക്ഷണിക്കും.

Also Read: മതിയായ കുട്ടികളില്ലെങ്കിൽ എയ്‌ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം ആവശ്യമില്ല; പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ ഉത്തരവിറങ്ങി

ജൂലൈ ആദ്യ വാരത്തിൽ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തും. വിശദമായ റിപ്പോർട്ട് ജൂലൈ 31 നകം പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് സമർപ്പിക്കേണ്ടതും അവ സൂക്ഷ്‌മപരിശോധന നടത്തി ഓഗസ്‌റ്റ് 15 ന് റിപ്പോർട്ട്‌ സർക്കാരിന് സമർപ്പിക്കേണ്ടതുമാണ്. ഓഗസ്‌റ്റ് 31 നകം തന്നെ സർക്കാർ തലത്തിൽ പരിശോധന നടത്തി സെപ്‌തംബർ രണ്ടാം വാരത്തിനകം ഗ്രാന്‍റ് -ഇൻ-എയിഡ് കമ്മിറ്റി യോഗം ചേരും. സെപ്‌റ്റംബർ മാസം അവസാനത്തോടുകൂടി ആവശ്യമായ തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകും.

സ്‌റ്റാഫിന് അഞ്ച് മാസത്തേക്കുള്ള ഹോണറേറിയം വിതരണം ചെയ്യും. ബാക്കി ഘടകങ്ങൾക്ക് വരുന്ന തുക ഗഡുക്കളായി തിരിച്ച് ഒന്നാം ഗഡു ഇതോടൊപ്പം തന്നെ അനുവദിക്കും. ഓരോ അക്കാദമിക് വർഷം ആരംഭിക്കുമ്പോഴും ആവശ്യമായ പരിശോധന പൂർത്തിയാക്കി പാക്കേജിന്‍റെ ആദ്യ ഗഡു സെപ്‌റ്റംബർ മാസം അവസാനത്തിന് മുമ്പായി റിലീസ് ചെയ്‌ത് നൽകാൻ കഴിയുന്ന വിധത്തിൽ നടപടികൾ ത്വരിതപ്പെടുത്തും. ആദ്യ ഗഡുവായി അനുവദിക്കുന്ന തുക പൂർണമായി ചെലവഴിച്ച് അതിന്‍റെ വിനിയോഗ സാക്ഷ്യപത്രം നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കുന്ന സ്ഥാപനത്തിന് മാത്രമേ അടുത്ത ഗഡു അനുവദിക്കൂ. മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സ്‌കൂളുകളെ എ, ബി, സി, ഡി ഗ്രേഡുകളായി തിരിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യും. സ്പെഷ്യൽ പാക്കേജ് വിതരണം കാര്യക്ഷമമാകാനും സുതാര്യമാകാനും സമ്പൂർണ മാനദണ്ഡ രേഖ ഏറെ പ്രയോജനം ചെയ്യുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.

Also read: കലാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും, സംവരണ സീറ്റുകൾക്ക് പുറമേ അധിക സീറ്റുകൾ അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

ABOUT THE AUTHOR

...view details