തിരുവനന്തപുരം : കയ്യിലിരിക്കുന്ന കടലാസ് നോക്കി മാധ്യമങ്ങളെ അഭിമുഖീകരിക്കുന്ന പരമ്പരാഗത രീതിയില്‍ നിന്ന് മാറി സംസ്ഥാന മന്ത്രിമാർ ഹൈടെക്ക് ആകുന്നു. മന്ത്രിമാരുടെ വാര്‍ത്താസമ്മേളനങ്ങള്‍ നടക്കുന്ന പി.ആര്‍ ചേംബറിലേക്ക് ടെലി പ്രോംപ്‌റ്റർ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനമായി.
ഇതിനായി 6.26 ലക്ഷം രൂപ സര്‍ക്കാരിന്‍റെ പ്രചാരണ വിഭാഗമായ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍ വകുപ്പിന് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനങ്ങളാണ് അധികവും. പി.ആര്‍ ചേംബറില്‍ മന്ത്രിമാര്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്താറുണ്ടെങ്കിലും ക്യാമറകള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല.