തിരുവനന്തപുരം: കേരളം സുരക്ഷിത ഭക്ഷണം ലഭിക്കുന്ന ഇടമാക്കുന്നതിന് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ഗ്രിവന്‍സ് പോര്‍ട്ടല്‍. ഓൺലൈനായി ഭക്ഷണം സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ നൽകുന്നതിനും അതിൽ സ്വീകരിച്ച നടപടികൾ അറിയുന്നതിനുമാണ് പോർട്ടൽ. പരാതി സംബന്ധിച്ചുള്ള ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്യാനും പോര്‍ട്ടലില്‍ സൗകര്യം ഉണ്ട്. ഭക്ഷണം കഴിച്ച ഹോട്ടലിന്‍റെ പേരും വിവരങ്ങളുമടക്കം പരാതിയിൽ നൽകാൻ കഴിയും.
മോശം ഭക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ വേഗത്തിൽ നടപടി സ്വീകരിക്കാനും പൊതുജനങ്ങൾക്ക് പരാതികൾ നൽകുന്നതിന് സൗകര്യം ഒരുക്കുന്നതിനുമാണ് പുതിയ പോർട്ടൽ. നിലവിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ടോൾ ഫ്രീ നമ്പറിൽ പരാതി നൽകാൻ മാത്രമാണ് കഴിഞ്ഞിരുന്നത്. ടോൾ ഫ്രീ നമ്പറുകൾ ഹോട്ടലുകളിൽ പ്രദർശിപ്പിക്കണമെന്ന നിയമവുമുണ്ട്. പുതിയ സംവിധാനത്തിൽ ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പരാതികളിലെ തർക്കങ്ങൾ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും എന്നതാണ് വകുപ്പിന്‍റെ വിലയിരുത്തൽ.
പോർട്ടലിൽ എങ്ങനെ പരാതിപ്പെടണം?: ആദ്യമായി ഭക്ഷ്യ സുരക്ഷാവകുപ്പിന്‍റെ https://www.eatright.foodsafety.kerala.gov.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇതിൽ റിപ്പോര്‍ട്ട് കംപ്ലെയ്‌ന്‍റ്, മൈ കംപ്ലെയ്‌ന്‍റ്സ് എന്നിങ്ങനെ രണ്ട് ഐക്കണുകള്‍ കാണാം. പരാതി നൽകുന്നതിന് ആദ്യമായി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ഒടിപി എടുക്കുക. തുടര്‍ന്ന് പേര്, ഒടിപി എന്നിവ നല്‍കുമ്പോള്‍ കംപ്ലെയ്‌ന്‍റ് രജിസ്റ്റര്‍ ചെയ്യാനുള്ള പേജ് വരും. അതില്‍ ജില്ല, സര്‍ക്കിള്‍, സ്ഥാപനത്തിന്‍റെ പേര്, ലൊക്കേഷന്‍, ലാന്‍ഡ്‌മാര്‍ക്ക്, പരാതി, പരാതിയുടെ വിശദാംശങ്ങള്‍ എന്നിവ നല്‍കണം. തുടര്‍ന്ന് ഫോട്ടോയും വിഡിയോയും അപ്‌ലോഡ് ചെയ്യണം. ഐഡന്‍റിറ്റി വെളിപ്പെടുത്താതിരിക്കാനും പോർട്ടലിൽ സംവിധാനമുണ്ട്. ഇതിനായുള്ള ഓപ്ഷനിൽ നോ ഐക്കണ്‍ ക്ലിക്ക് ചെയ്‌താൽ മതി. അതിനു ശേഷം പരാതി സബ്‌മിറ്റ് ചെയ്യാം. ഹോം പേജിൽ തന്നെയുള്ള മൈ കംപ്ലെയ്‌ന്‍സിലൂടെ പരാതിയിന്‍മേല്‍ സ്വീകരിച്ച നടപടികളും പരാതിക്കാരന് അറിയാനാകും.