തിരുവനന്തപുരം: കേരളത്തില്‍ പ്രളയം തുടര്‍ക്കഥയാകുമ്പോള്‍ മാധവ് ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാവുകയാണ്. 2011 ല്‍ പരിസ്ഥിതി ശാസ്‌ത്രജ്ഞന്‍ മാധവ് ഗാഡ്‌ഗിലിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി നടത്തിയ പഠനത്തില്‍ കേരളത്തെ സംരക്ഷിച്ചു നിര്‍ത്തുന്ന പശ്ചിമ ഘട്ടത്തിന്‍റെ 67 ശതമാനം പ്രദേശം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു പതിറ്റാണ്ട് തികയുമ്പോഴും റിപ്പോര്‍ട്ടില്‍ പറയുന്ന നിര്‍ദേശങ്ങള്‍ നടപ്പിലാക്കത്തതാണ് കേരളം ഇന്ന് നേരിടുന്ന കാലാവസ്ഥ സാഹചര്യത്തിന് കാരണമെന്ന് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയ്‌റാം രമേശ് ആരോപിച്ചു. കഴിഞ്ഞ ദിവസം പെയ്‌ത ശക്തമായ മഴയില്‍ കോട്ടയത്തും ഇടുക്കിയിലുമായി 23 ജീവനുകളാണ് പൊലിഞ്ഞത്. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്.
തമിഴ്‌നാട്, കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി നീണ്ടുകിടക്കുന്നതാണ് പശ്ചിമഘട്ടം. ഇതില്‍ പ്രധാനപെട്ട സ്ഥാനമാണ് കേരളത്തിനുള്ളത്. ഏതാണ്ട് 25 കോടി ജനങ്ങളുടെ ആവാസസ്ഥലമാണിത്. പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത നിര്‍ദേശിച്ച് മാധവ് ഗാഡ്‌ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പാടെ നിഷേധിച്ചു.