തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. കെ റെയിൽ, ഏക സിവിൽ കോഡിലെ (യുസിസി) പ്രതിഷേധം തുടങ്ങിയ നിരവധി വിഷയങ്ങൾ ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ പരിഗണനയ്ക്ക് വരും. പിണറായി സർക്കാരിന്‍റെ സ്വപ്‌ന പദ്ധതി എന്ന നിലയിൽ അവതരിപ്പിച്ച കെ റെയിലിന് വീണ്ടും ജീവൻ വയ്ക്കുന്നത് വികസന നേട്ടമായി ഉയർത്തിക്കാട്ടാൻ കഴിയുമെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്. ഈ വിലയിരുത്തലിന്‍റെ ഭാഗമായി ഇ ശ്രീധരൻ നൽകിയ ബദല്‍ നിർദേശവുമായി മുന്നോട്ടുപോകുന്നത് സംബന്ധിച്ച് സിപിഎം ആലോചന തുടങ്ങിയിട്ടുണ്ട്.
ഇക്കാര്യത്തിൽ സർക്കാർ എന്ത് നിലപാട് എടുക്കണം എന്നത് സംബന്ധിച്ച് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയാകും. നിലവിൽ തന്നെ കോൺഗ്രസ്, സിപിഎം - ബിജെപി ധാരണ എന്ന രാഷ്ട്രീയ വിമർശനം ഉയർത്തിക്കഴിഞ്ഞു. ഇതിന് എങ്ങനെ പ്രതികരിക്കാം എന്നത് സംബന്ധിച്ചും ഇന്നത്തെ സെക്രട്ടേറിയറ്റിൽ ചർച്ച നടക്കും. ഏക സിവിൽ കോഡ് വിഷയത്തിലെ പ്രതിഷേധങ്ങൾ എങ്ങനെ തുടരണം എന്നതും സിപിഎം പരിശോധിക്കും.
സിപിഎമ്മിന്‍റെ യുസിസി സെമിനാര്‍ നാളെ:നാളെയാണ് വിഷയത്തിൽ സിപിഎം സംഘടിപ്പിച്ച സെമിനാർ നടക്കുന്നത്. കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാർ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ദേശീയതലത്തിൽ തന്നെ സിപിഎമ്മിന്‍റെ ഏക സിവിൽ കോഡിനെതിരായ പ്രതിഷേധത്തിന്‍റെ തുടക്കം ഇവിടെ നിന്നാണ്.
സെമിനാറിലേക്ക് മുസ്‌ലിം ലീഗിനെ ക്ഷണിച്ച് യുഡിഎഫിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കാനായിരുന്നു സിപിഎം ശ്രമം. എന്നാൽ മുന്നണിയിൽ ആലോചിക്കാതെ സിപിഎം ഏകപക്ഷീയമായി നിലപാടെടുക്കുന്നുവെന്ന് ഇടതുമുന്നണിക്കുള്ളിൽ തന്നെ എതിരഭിപ്രായം ഉണ്ടായി.