കേരളം

kerala

By

Published : Jul 6, 2019, 4:25 PM IST

ETV Bharat / state

സർവീസ് വോട്ടിൽ വ്യാപകമായ വിള്ളല്‍ ഉണ്ടായെന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്

ശബരിമലയില്‍ സ്‌ത്രീകള്‍ ദര്‍ശനം നടത്തിയത് പാര്‍ട്ടി അനുഭാവികളെ പോലും എതിരാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം:ആറ്റിങ്ങലിലെ ഇടതുമുന്നണിയുടെ തോല്‍വി ഞെട്ടിക്കുന്നതെന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. പാര്‍ട്ടി അംഗങ്ങളുടെ കുടുംബാംഗങ്ങളുടെ വോട്ടുകളില്‍ പോലും വന്‍തോതില്‍ ചോര്‍ച്ചയുണ്ടായി. അതോടൊപ്പം കുത്തകയായി കൈവശം വച്ചിരുന്ന സര്‍വീസ് വോട്ടുകളില്‍ വ്യാപകമായ വിള്ളല്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി സംബന്ധിച്ച് കേന്ദ്രകമ്മറ്റിയുടെയും സംസ്ഥാന കമ്മറ്റിയുടെയും റിപ്പോര്‍ട്ടുകളുടെ മേഖലാ റിപ്പോര്‍ട്ടിങ്ങിലാണ് പാര്‍ട്ടി വോട്ടുകളിലെ ചോര്‍ച്ചയെ കുറിച്ച് വിശദമാക്കുന്നത്. സ്ത്രീ വോട്ടര്‍മാരുടെ വോട്ടുകള്‍ നഷ്ടമായതില്‍ ശബരിമല വിഷയം നിര്‍ണ്ണായകമായി. ബിജെപി ശ്രമിച്ച വര്‍ഗ്ഗീയ ഏകീകരണത്തിലും വിശ്വാസത്തെ മുന്‍നിര്‍ത്തിയുള്ള പ്രചരണത്തിലും വോട്ടര്‍മാര്‍ വീണുപോയി. ഇതിനെ മറികടക്കുന്ന തരത്തിലുള്ള പ്രചരണം നടത്താന്‍ മുന്നണിക്കായില്ല. ശബരിമലയില്‍ സ്‌ത്രീകള്‍ ദര്‍ശനം നടത്തിയത് പാര്‍ട്ടി അനുഭാവികളെ പോലും എതിരാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 20 മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് വോട്ട് കുറഞ്ഞിട്ടുണ്ട്. ആലപ്പുഴയില്‍ ജയിക്കാനായെങ്കിലും വോട്ട് നിലയില്‍ വന്‍കുറവാണ് ഉണ്ടായിട്ടുള്ളത്. പാര്‍ട്ടി പ്രതീക്ഷിച്ചതിനേക്കാള്‍ 17 ലക്ഷം വോട്ടിന്‍റെ കുറവാണ് സംസ്ഥാനത്താകമാനം ഉണ്ടായത്. സര്‍വീസ് സംഘടനാ രംഗത്ത് സ്വാധീനമില്ലാത്ത ബിജെപിക്കാണ് ഈ വോട്ടുകള്‍ അധികവും പോയത്. തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍റെ വോട്ട് നിലയിൽ നിന്ന് ഇത് വ്യക്തമാണ്. ഇക്കാര്യം പരിശോധിക്കേണ്ട വിഷയമാണെന്നെന്നും നേതൃത്വം യോഗത്തില്‍ വ്യക്തമാക്കി.

മികച്ച വിജയം പ്രതീക്ഷിച്ച മണ്ഡലമായിരുന്നു ആറ്റിങ്ങല്‍. എന്നാല്‍ വോട്ടിന്‍റെ അടിയൊഴുക്ക് മനസ്സിലാക്കിയിരുന്നില്ല. ബിജെപി സ്ഥാനാര്‍ഥിയായ ശോഭാ സുരേന്ദ്രന്‍റെയും വോട്ടില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായത്. സിപിഎം ശക്തികേന്ദ്രങ്ങളായി കരുതിപോന്ന പല സ്ഥലങ്ങളിലും ബിജെപി മുന്നിലെത്തിയത് ഗൗരവമായ വിഷയമാണെന്നും സംസ്ഥാന കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രകമ്മിറി റിപ്പോര്‍ട്ടിങ്ങ് പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിങ്ങ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമാണ് അവതരിപ്പിച്ചത്. ഈ തിരിച്ചടികളെ നേരിടാന്‍ ഈ മാസം 22 മുതല്‍ 28 വരെ സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും വീടുകളില്‍ സന്ദര്‍ശനം നടത്തി പാര്‍ട്ടി നിലപാട് വിശദീകരിക്കാനും ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ ലോക്കല്‍ കമ്മറ്റി അടിസ്ഥാനത്തില്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കും. തെക്കന്‍ മേഖലാ റിപ്പോര്‍ട്ടിങ്ങാണ് പൂര്‍ത്തിയായിരിക്കുന്നത്. ജില്ലാ, ഏരിയാ കമ്മറ്റിയംഗങ്ങള്‍, ലോക്കല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് മേഖലാ റിപ്പോര്‍ട്ടിങ്ങ് യോഗത്തില്‍ പങ്കെടുത്തത്. റിപ്പോര്‍ട്ടുകളുടെ സംക്ഷിപ്ത രൂപം യോഗത്തില്‍ അവതരിപ്പിക്കും. വിശദമായ റിപ്പോര്‍ട്ട് കീഴ്ഘടകങ്ങള്‍ക്ക് കത്തായി നല്‍കും.

ABOUT THE AUTHOR

...view details