തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരിയില്‍ നടന്നത് ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള കൊവിഡ് വ്യാപനം. രാജ്യത്ത് തന്നെ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌ത് സംസ്ഥാനത്ത് രണ്ട് വർഷം പിന്നിടുമ്പോഴും കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. 2022 ജനുവരി ഒന്ന് മുതല്‍ 31 വരെ 778492 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
ആദ്യമായി പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നതും ജനുവരിയിൽ തന്നെ. ജനുവരി ഒന്നിന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത് 2435 കൊവിഡ് കേസുകളായിരുന്നു. എന്നാല്‍ മലയാളികള്‍ ക്രിസ്തുമസും പതുവത്സരവും ആഘോഷമാക്കിയതോടെ രോഗബാധിതരുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചു. ഒപ്പം ഒമിക്രോണ്‍ വകഭേദത്തിന്‍റെ അതിതീവ്രവ്യാപന ശേഷിയയതോടെ രോഗികളുടെ എണ്ണം വലിയ രീതിയില്‍ ഉയർന്നു.
ALSO READ ഡിജിറ്റല്‍ അസറ്റില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി
ജനുവരിയോടെ പതിനായിരം കടന്ന കൊവിഡ് രോഗികളുടെ എണ്ണം 10 ദിവസം കൊണ്ട് തന്നെ അരലക്ഷം കടന്നു. അതി തീവ്രവ്യാപനത്തിന്‍റെ തോത് വ്യക്തമാക്കുന്നതാണ് കൊവിഡ് രോഗികളുടെ എണ്ണത്തിലെ ഈ വര്‍ദ്ധനവ്. കൊവിഡ് ബാധിതരില്‍ രോഗാവസ്ഥ ഗുരുതരമാകുന്നില്ലെന്നതാണ് കേരളത്തിന് ആശ്വാസം നല്‍കുന്ന ഏക ഘടകം.
നിലവിൽ സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 3,57,552 ആണ്. അതില്‍ 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ജനുവരി 24 മുതല്‍ 30 വരെയുള്ള കാലയളവില്‍, ശരാശരി 3,11,418 പേര്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.
മരണ നിരക്കും കുറവാണ്. പുതിയതായി റിപ്പോർട്ട് ചെയ്യതത് 10 മരണങ്ങളാണ്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും, സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 638 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.