തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ തയ്യാറെടുത്ത് കേരളം. ഇതിനായി മരുന്നുകളും സുരക്ഷ സാമഗ്രികളും സംസ്ഥാനത്ത് നിര്‍മിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. പദ്ധതികള്‍ എങ്ങനെ നടപ്പാക്കണമെന്ന് സംബന്ധിച്ച് മന്ത്രിതല പരിശോധന നടന്നു. സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിര്‍മിക്കാന്‍ കഴിയുന്നതിന്‍റെ സാധ്യത ആരോഗ്യ, വ്യവസായ വകുപ്പുകള്‍ തമ്മില്‍ ചര്‍ച്ച നടത്തി.
മന്ത്രിതല ചർച്ചയിലെ തീരുമാനങ്ങൾ
തദ്ദേശിയ നിർമാണത്തിനായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും കെ.എം.എസ്.സി.എല്‍, കെ.എസ്.ഡി.പി.എല്‍ മാനേജിങ് ഡയറക്ടര്‍മാരും ചേര്‍ന്ന് കമ്മിറ്റിയുണ്ടാക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കൊവിഡ് മൂന്നാം തരംഗത്തില്‍ ഗ്ലൗസ്, മാസ്‌ക്, പി.പി.ഇ കിറ്റ് തുടങ്ങിയ സുരക്ഷ സാമഗ്രികളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിനാണ് സംയുക്ത നീക്കം.
ആരോഗ്യ മേഖലയ്ക്കാവശ്യമായ സുരക്ഷാ സാമഗ്രികളും മെഡിക്കല്‍ ഉപകരണങ്ങളും ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. മറ്റ് സംസ്ഥാനങ്ങളിലെ പല വ്യവസായ ശാലകളും കൊവിഡിനെ തുടർന്ന് പൂട്ടിയതിനാല്‍ പല സുരക്ഷ ഉപകരണങ്ങളുടേയും ലഭ്യതക്കുറവ് രണ്ടാം തരംഗത്തില്‍ ഉണ്ടായി. മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ മേഖല ശക്തിപ്പെടുത്താനാണ് ഇപ്പോഴത്തെ നീക്കം.