തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ല തിരിച്ചുള്ള നിയന്ത്രണങ്ങൾ ഇന്ന് മുതൽ. സ്‌കൂളുകളിൽ ഒന്‍പതാം ക്ലാസുവരെ ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് ഓൺലൈൻ പഠനമാണ്. തെറാപ്പി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്‌കൂളുകൾക്ക് ഇത് ബാധകമല്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
അടുത്ത രണ്ട് ഞായറാഴ്‌ചകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമാക്കാൻ ദുരന്തനിവാരണ വകുപ്പ് നിർദേശം നൽകി. വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ, ബീച്ചുകൾ, തീം പാർക്കുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകുന്നില്ലെന്ന് ജില്ല ഭരണകൂടം ഉറപ്പുവരുത്തണം. ഇതിനായി ആവശ്യാനുസരണം സെക്‌ടറുകളില്‍ മജിസ്ട്രേട്ടുമാരെ വിന്യസിക്കാനും നിർദേശമുണ്ട്.
സാനിറ്റൈസർ ഉപയോഗം, സാമൂഹ്യ അകലം എന്നിവയും നിരീക്ഷിക്കും. പരിഷ്‌കരിച്ച മാർഗനിർദേശങ്ങളുടെ ഭാഗമായാണ് ഉത്തരവ്. സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാർ, ക്യാൻസർ രോഗികൾ, തീവ്ര രോഗബാധിതർ എന്നിവർക്ക് സർക്കാർ ഡോക്‌ടറുടെ സാക്ഷ്യപത്രം ഉപയോഗിച്ച് വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്യാം.
1. അവശ്യ- അത്യാവശ്യ സർവീസുകൾക്ക് നിയോഗിക്കപ്പെടുന്ന സംസ്ഥാന - കേന്ദ്ര - സ്വയംഭരണ - കോർപ്പറേഷൻ ഓഫിസുകൾക്ക് പ്രവർത്തിക്കാം. ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അവരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
2. ആവശ്യ - അത്യാവശ്യ സർവീസുകൾക്ക് 24 മണിക്കൂറും യാത്രാനുവാദം. സ്ഥാപനം അനുവദിക്കുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം.
3. ടെലികോം, ഇൻ്റർനെറ്റ് സേവനദാതാക്കൾ, ആവശ്യ ജോലികൾക്കുള്ള ഐ.ടി ജീവനക്കാർ തുടങ്ങിയവർക്ക് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
4. ദീർഘദൂര ബസ് - ട്രെയിൻ യാത്രകൾ അനുവദിക്കും. യാത്രക്കാരെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും എത്തിക്കുന്ന ടാക്‌സികൾ അടക്കമുള്ള വാഹനങ്ങൾക്ക് പ്രവർത്തനാനുമതി.