തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് വ്യാപനം രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കേരളമാണ് ഏറെ മുന്നില്‍. രോഗബാധിതരുടെ എണ്ണം പതിനായിരം കടന്ന ഏക സംസ്ഥാനവും കേരളമാണ്.
രാജ്യത്തെ കൊവിഡ് രോഗികളുടെ മൂന്നിലൊന്നും ഇപ്പോള്‍ കേരളത്തിലാണ്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അഞ്ചിരട്ടിയാണ് കേരളത്തിലെ നിരക്ക്. രാജ്യത്തെ ടിപിആര്‍ 2.39 ഉം കേരളത്തിലേത് 10.9 ശതമാനവുമാണ്.
രോഗികളുടെ എണ്ണത്തിൽ വർധനവ്
കൊവിഡ് പ്രതിരോധത്തില്‍ ഏറെ പ്രശംസ നേടിയ കേരള മോഡല്‍ പ്രതിരോധം പൂര്‍ണമായും പരാജപ്പെട്ടെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. രോഗവ്യാപനം വലിയ രീതിയില്‍ നടന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര,കര്‍ണ്ണാടക,തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറയുമ്പോഴാണ് കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിക്കുന്നത്.
കഴിഞ്ഞ 65 ദിവസത്തിനിടെ പതിനായിരത്തില്‍ താഴെ പ്രതിദിന രോഗികളുടെ എണ്ണം എത്തിയത് പരിശോധനകളുടെ എണ്ണം കുറയുന്ന ഞായറാഴ്ചകളില്‍ മാത്രമാണ്. കൊവിഡ് മരണങ്ങളും വര്‍ധിക്കുകയാണ്. പ്രതിദിന കൊവിഡ് മരണങ്ങളുടെ എണ്ണം മാസങ്ങളായി നൂറിനു മുകളിലാണ്.
മരണസംഖ്യയിലും വർധനവ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണം 930 ആണ്. കേരളത്തിലേത് 142മാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മരണത്തിന്‍റെ ആറിലോന്നും കേരളത്തിലാണ് എന്നാണ് കണക്കുകള്‍. രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും മരണ നിരക്ക് കുറവാണ് എന്നതിലാണ് ആരോഗ്യ വകുപ്പ് എപ്പോഴും മികവ് പറഞ്ഞിരുന്നത്.
എന്നാല്‍ ഇതിലും വലിയ രീതിയില്‍ മാറ്റം വരികയാണ്. മരണസംഖ്യ മറച്ചുവച്ചാണ് കേരളം നേട്ടം പറഞ്ഞുവെന്ന് ആരോപണം ഇപ്പോഴും നില്‍ക്കുന്നുണ്ട്. ഇതിനെ കുറച്ചെങ്കിലും സാധുകരിക്കുന്നതാണ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിന് സുതാര്യ സംവിധാനം ഏര്‍പ്പെടുത്തിയ ശേഷമുള്ള മരണസംഖ്യ വര്‍ധിക്കുന്നത്.
പ്രതിരോധത്തിൽ പാളിച്ചയോ?
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികള്‍ എന്ന അവസ്ഥയിലേക്ക് കേരളം എത്തുമ്പോഴും എവിടെയാണ് പ്രതിരോധം പാളിയതെന്നതില്‍ ആരോഗ്യ വകുപ്പിന് കൃത്യമായ മറുപടിയില്ല. ലോക്ക് ഡൗണും കര്‍ശന നിയന്ത്രണങ്ങളുമായി കേരളം മുന്നോട്ട് പോയെങ്കിലും രോഗവ്യാപനം കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
ടി.പി.ആര്‍ പത്തില്‍ താഴെയെത്താത്തതില്‍ ആരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ജനിതകമാറ്റം വന്ന അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ പ്ലസ് കേരളത്തില്‍ വ്യാപിച്ചുവെന്ന് ഉറപ്പിക്കാമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍. ഇത് നല്‍കുന്ന സൂചന മൂന്നാം തരംഗമെന്ന ദുരന്തത്തിലേക്കാണ്.
നിയന്ത്രണങ്ങൾ തരംതിരിച്ച്
രോഗവ്യാപനം ഇപ്പോള്‍ തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലാണ് കേരളത്തില്‍ നടപ്പാക്കുന്നത്. നാല് കാറ്റഗറികളായി തിരിച്ചാണ് കേരളത്തില്‍ നിയന്ത്രണങ്ങള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ പത്ത് വരെയുള്ള പ്രദേശങ്ങള്‍ ബിയിലും പത്ത് മുതല്‍ 15 വരെയുള്ളവ സി വിഭാഗത്തിലും ഉള്‍പ്പെടുത്തി.
15 ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡിയിലായിരിക്കും. ഇതനുസരിച്ചാണ് നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത്. രാജ്യത്താകമാനം രണ്ടാം തരംഗത്തിലെ രോഗവ്യാപനത്തിന് കുറവുണ്ടായപ്പോഴും കേരളത്തില്‍ രോഗവ്യാപനം കുറയാതെ നേരിയ തോതില്‍ വര്‍ധിക്കുന്നത് മൂന്നാംതരംഗം ആരംഭിച്ചോയെന്ന് ആശങ്കയും ഉന്നയിക്കപ്പെടുന്നുണ്ട്.
also read:സെക്രട്ടേറിയറ്റിലെ റവന്യൂ വകുപ്പിൽ സ്ഥലം മാറ്റം