കേരളം

kerala

ETV Bharat / state

ചാഴിക്കാടന്‍ വിഷയത്തില്‍ പുകഞ്ഞ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം, പ്രതികരിക്കാനാകാത്ത ദുരവസ്ഥയില്‍ നേതൃത്വം ; അവസരം മുതലെടുത്ത് കോണ്‍ഗ്രസ്

Pinarayi Vijayan Scolds Chazhikkadan MP : മൂന്നുവര്‍ഷം മാത്രം പ്രായമുള്ള മുന്നണി ബന്ധം പരിഗണിച്ച് പരസ്യ പ്രതികരണത്തിന് കഴിയാത്ത ഗതികേടിലാണ് നേതാക്കള്‍. ഒരുപക്ഷേ മുഖ്യമന്ത്രിയുടെ പരസ്യ ശകാരം ചാഴിക്കാടന്‍റെ വിജയ സാദ്ധ്യതയ്ക്കുപോലും മങ്ങലേല്‍പ്പിക്കുമെന്ന വിലയിരുത്തല്‍ നേതാക്കള്‍ക്കുണ്ട്.

kerala congress  thomas chazhikkadan  cm publicly scolds chazhikkadan  loksabha election  three year old front  navakerala sadas  pinarayi vijayan  കേരള കോണ്‍ഗ്രസ് മാണി വിഭാഗം  മുഖ്യമന്ത്രിയുടെ പരസ്യ ശകാരം  kerala congress in big dilemma
kerala congress in big dilemma following open scolding by cm against chazhikkadan mp

By ETV Bharat Kerala Team

Published : Dec 14, 2023, 5:20 PM IST

Updated : Dec 14, 2023, 5:51 PM IST

തിരുവനന്തപുരം : സ്വന്തം തട്ടകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് പരസ്യമായേറ്റ അപമാനത്തില്‍ പ്രതികരിക്കാന്‍ പോലുമാകാതെ അമര്‍ഷം കടിച്ചമര്‍ത്തി കേരള കോണ്‍ഗ്രസ് മാണി വിഭാഗം. ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കോട്ടയം മണ്ഡലത്തില്‍ വീണ്ടുമൊരങ്കത്തിന് തയ്യാറെടുക്കുന്ന തോമസ് ചാഴിക്കാടനെ പാലായിലെ നവകേരള സദസില്‍ പരസ്യമായി ശകാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടിയില്‍ കടുത്ത പ്രതിഷേധത്തിലാണ് കേരള കോണ്‍ഗ്രസ് നേതൃത്വം(Kerala Congress in big dilemma).

മൂന്നുവര്‍ഷം മാത്രം പ്രായമുള്ള മുന്നണി ബന്ധം പരിഗണിച്ച് പരസ്യ പ്രതികരണത്തിന് കഴിയാത്ത ഗതികേടിലാണ് നേതാക്കള്‍. ഒരുപക്ഷേ മുഖ്യമന്ത്രിയുടെ പരസ്യ ശകാരം ചാഴിക്കാടന്‍റെ വിജയ സാദ്ധ്യതയ്ക്കുപോലും മങ്ങലേല്‍പ്പിക്കുമെന്ന വിലയിരുത്തല്‍ നേതാക്കള്‍ക്കുണ്ട്. കഴിഞ്ഞ ദിവസം പാലായില്‍ നവകേരള സദസില്‍ പ്രസംഗിക്കുന്നതിനിടെ ചാഴിക്കാടന്‍ നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെയാണ് അതേവേദിയില്‍ വച്ച് മുഖ്യമന്ത്രി ചാഴിക്കാടനെ ശാസിച്ചത്. റബ്ബറിന്‍റെ താങ്ങുവില വര്‍ധിപ്പിക്കണമെന്നും പാലാ നഗരസഭ സ്റ്റേഡിയം നവീകരിക്കണമെന്നും ചീര്‍പ്പുങ്കല്‍പാലം പൂര്‍ത്തിയാക്കണമെന്നും സ്വാഗത പ്രസംഗത്തില്‍ ചാഴിക്കാടന്‍ ആവശ്യപ്പെട്ടതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. നവകേരള സദസിന്‍റെ ഉദ്ദേശ്യം ചാഴിക്കാടന് മനസിലായില്ലെന്നും ഇത് പരാതി സ്വീകരിക്കാനോ പറയാനോ ഉള്ള വേദിയല്ലെന്നുമായിരുന്നു അതേ വേദിയില്‍ പ്രസംഗിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം (Scolding by cm against chazhikkadan mp)

മുഖ്യമന്ത്രിയുടെ ഈ നടപടി സ്ഥലം എംപി കൂടിയായ ചാഴിക്കാടന് അപമാനം കൂടിയായി. അതും തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ ജനകീയ പ്രശ്‌നം ഉയര്‍ത്തിയതിന്‍റെ പേരില്‍. പൊതുവെ മുഖ്യമന്ത്രി അപമാനിച്ചു എന്ന പൊതു വികാരം കേരള കോണ്‍ഗ്രസില്‍ ശക്തമാണ്. ചാഴിക്കാടന്‍റെ സാദ്ധ്യതകളെ പോലും ഈ നടപടി മങ്ങലേല്‍പ്പിച്ചു എന്ന വികാരം ശക്തമാണ്. അതിനുമപ്പുറത്ത് വൈകാരികതയായി കേരള കോണ്‍ഗ്രസ് കാണുന്നത് കെഎം മാണിയുടെ തട്ടകത്തില്‍ വച്ചുതന്നെ അപമാനമേറ്റു എന്ന നിലയിലാണ്.

പക്ഷേ സര്‍ക്കാരിന്‍റെയും ഇടതുമുന്നണിയുടെയും ഭാഗമായി തുടര്‍ന്നുകൊണ്ട് പരസ്യ വിമര്‍ശനത്തിലേക്ക് പോകുന്നത് ഉചിതമല്ലെന്ന വിലയിരുത്തലില്‍ അവര്‍ മൗനം അവലംബിക്കുകയാണ്. ഈ അവസരം മുതലെടുത്താണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്. സ്വന്തം മണ്ഡലത്തില്‍ വച്ച് മുഖ്യമന്ത്രിയോട് ഒരു പരാതിപോലും പറയാന്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയാത്ത സ്ഥിതിയാണെന്നും അത്രയധികം അസഹിഷ്ണുതയാണ് പിണറായി വിജയനെന്നും സതീശന്‍ അഭിപ്രായപ്പെട്ടത് കേരള കോണ്‍ഗ്രസ് എത്തിപ്പെട്ടുനില്‍ക്കുന്ന വിഷമവൃത്തം മനസിലാക്കി തന്നെയാണ്.

അല്പം കൂടി കടന്ന്, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍, പാലായില്‍ പോലും മാണി സാറിനെ നിഷ്ഠൂരമായി വേട്ടയാടിയ സിപിഎം അതിന്‍റെ ജനിതക ഗുണം തന്നെയാണ് മുഖ്യമന്ത്രിയിലൂടെ ആവര്‍ത്തിച്ചിരിക്കുന്നതെന്ന് പറഞ്ഞു. 13 തവണ മാണിസാറിനെ വിജയിപ്പിച്ച പാലായില്‍ വച്ചാണ് കേരള കോണ്‍ഗ്രസ് അപമാനിക്കപ്പെട്ടതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു വിമര്‍ശനമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. നേതൃത്വത്തിന്‍റെ പ്രതികരണമില്ലായ്മയില്‍ പ്രതിഷേധം ഉള്ളിലൊതുക്കുന്ന കേരള കോണ്‍ഗ്രസ് അണികളുടെ വികാരമറിഞ്ഞുള്ള പ്രതികരണം തന്നെയാണ് സുധാകരനും സതീശനും നടത്തിയിരിക്കുന്നത്. കേരള കോണ്‍ഗ്രസിനെ തിരികെ മുന്നണിയിലെത്തിക്കാന്‍ അവസരം കാത്തുകഴിയുന്ന കോണ്‍ഗ്രസിന് തല്‍ക്കാലം ഇതൊരു പിടിവള്ളിയാണ്.

എന്നാല്‍ മുഖ്യമന്ത്രി കേരള കോണ്‍ഗ്രസിനെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, തന്‍റെ പ്രവൃത്തിയെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ശക്തമായി ന്യായീകരിക്കുക കൂടി ചെയ്തത് കേരള കോണ്‍ഗ്രസ് എം നേതൃത്വത്തിന് വല്ലാത്ത തിരിച്ചടിയായി. റബ്ബര്‍ വിലയിടിവില്‍ മദ്ധ്യകേരളത്തിലെയും മലയോര-കുടിയേറ്റ മേഖലയിലേയും കത്തോലിക്കാ സഭകളില്‍ സര്‍ക്കാരിനെതിരെ അമര്‍ഷം പുകയുക കൂടി ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ക്രിസ്ത്യന്‍ സഭകളുടെ അനുഗ്രഹാശിസുകളുള്ള കേരള കോണ്‍ഗ്രസിന് അവരുടെ തട്ടകത്തില്‍ വച്ചു തന്നെ മുഖ്യമന്ത്രിയുടെ പരസ്യ ശകാരം ഏറ്റുവാങ്ങേണ്ടി വന്നത്. അതും റബ്ബര്‍ വിലയിടിവ് സൂചിപ്പിച്ചതിന്‍റെ പേരില്‍ എന്നതിന്‍റെ രാഷ്ട്രീയ മാനം മറ്റാരേക്കാളും കേരള കോണ്‍ഗ്രസിന് നന്നായറിയാം.

ഇത് മനസില്‍ വച്ചാണ് ഇന്ന് കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയില്‍ തന്നെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി സര്‍ക്കാരിനെതിരെ ലേഖനവുമായി രംഗത്തുവന്നത്. ചിന്നക്കനാല്‍ റിസര്‍വ് വനം സംബന്ധിച്ച് വനം വകുപ്പ് പുറത്തിറക്കിയ കരടുവിജ്ഞാപനം ആയുധമാക്കിയാണ് ജോസ് കെ മാണി സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

ചാഴിക്കാടന്‍ വിഷയത്തില്‍ പുകഞ്ഞ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം

ഈ കരട് വിജ്ഞാപനം ഗൂഢാലോചനയാണെന്നാണ് ജോസ് കെ മാണിയുടെ ആരോപണം. വനാതിര്‍ത്തിയില്‍ താമസിക്കുന്ന കര്‍ഷകരുടെ കൃഷി ഭൂമിയില്‍ കണ്ണുവച്ചുകൊണ്ടാണ് ഈ വിജ്ഞാപനമെന്നും ഇതിനുപിന്നില്‍ ബാഹ്യ താത്പര്യങ്ങളും സാമ്പത്തിക കൈമാറ്റങ്ങളും നടന്നിട്ടുണ്ടെന്നുമുള്ള ഗുരുതര ആരോപണവും സര്‍ക്കാരിനെതിരെ ജോസ് കെ മാണി ഉന്നയിച്ചിട്ടുണ്ട്.

Also Read :തോമസ് ചാഴിക്കാടൻ എം പി യുടെ നടപടിയിൽ തെറ്റില്ല; മന്ത്രി റോഷി അഗസ്‌റ്റിന്‍

എങ്കിലും റബ്ബര്‍ വിലയിടിവില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് കഴിഞ്ഞ ഏഴ് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ ഒരു പരിഹാരവും ലഭ്യമാക്കാനായിട്ടില്ല എന്ന ഗുരുതരമായ പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് ചര്‍ച്ച ചെയ്യാന്‍ പോലും മുഖ്യമന്ത്രി തയ്യാറല്ല എന്ന നിലയിലായിരിക്കും പ്രതിപക്ഷം വരും ദിവസങ്ങളില്‍ ഈ വിഷയം ഉയര്‍ത്തുക. കര്‍ഷക പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്ക് ചേക്കേറിയതുകൊണ്ട് സിപിഎമ്മിന് തുടര്‍ഭരണം ലഭിച്ചു എന്നതിനപ്പുറം കര്‍ഷകര്‍ക്ക് എന്ത് നേട്ടം എന്ന നിലയിലേക്കും പ്രതിപക്ഷവും കോണ്‍ഗ്രസും ചര്‍ച്ചകള്‍ മാറ്റിയാല്‍ അത് ആത്യന്തികമായി നഷ്ടമുണ്ടാക്കുക തങ്ങള്‍ക്കായിരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയുന്നുണ്ട്. പ്രശ്‌ന പരിഹാരത്തിന് ആരെങ്കിലും മുന്‍കൈ എടുത്താലും മുഖ്യമന്ത്രി എങ്ങനെ പ്രതികരിക്കും എന്ന ആശങ്കയും കേരള കോണ്‍ഗ്രസിനുണ്ട്.

Last Updated : Dec 14, 2023, 5:51 PM IST

ABOUT THE AUTHOR

...view details