തിരുവനന്തപുരം :സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി. നിക്ഷേപങ്ങൾക്ക് പലിശ കൂട്ടിയും വായ്പ പലിശ കുറച്ചുമാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
രണ്ട് വർഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ ആറര ശതമാനത്തിൽ നിന്നും ഏഴ് ശതമാനമായി ഉയർത്തി. 15 ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് അഞ്ച് ശതമാനമായി ഉയർത്തി. നേരത്തെ ഇത് 4.75 ശതമാനമായിരുന്നു.
Also Read: ലഘു നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റമില്ല
മൂന്ന് മാസം ( 46 ദിവസം മുതൽ 90 ദിവസം വരെ) വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.25 ശതമാനത്തിൽ നിന്നും അഞ്ചര ശതമാനത്തിലേക്ക് ഉയർത്തി. ആറുമാസം ( 91 ദിവസം മുതൽ 180 ദിവസം വരെ) വരെയുള്ള നിക്ഷേപങ്ങൾക്ക് ആറ് ശതമാനമായിരിക്കും ഇനി മുതൽ പലിശ. ഒരു വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25 ശതമാനമായിരിക്കും.
സഹകരണ മന്ത്രി വി.എൻ വാസവന്‍റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിവിധ വായ്പകളുടെ പലിശ നിരക്കിൽ അരശതമാനം വരെ കുറവ് വരുത്തി. വായ്പകളുടെ സ്വഭാവം അനുസരിച്ചായിരിക്കും പലിശ നിർണയിക്കുക.