കേരളം

kerala

By

Published : Feb 1, 2021, 7:18 PM IST

ETV Bharat / state

രാജ്യത്തെ പൂര്‍ണമായി കച്ചവട താല്‍പര്യങ്ങള്‍ക്കു വിട്ടുനല്‍കുന്നതാണ് ബജറ്റെന്ന് മുഖ്യമന്ത്രി

കാര്‍ഷികമേഖലയില്‍നിന്നും പൂര്‍ണമായി പിന്‍വാങ്ങി അതിനെ സ്വകാര്യ കുത്തകകള്‍ക്കായി തുറന്നുകൊടുത്ത പുതിയ കാര്‍ഷിക നയങ്ങളുടെ പിൻതുടർച്ചയാണ് ഈ ബജറ്റെന്ന് മുഖ്യമന്ത്രി

kerala cm response budget  കേന്ദ്ര ബജറ്റ് രാജ്യത്തെ പൂര്‍ണമായി കച്ചവട താല്‍പര്യങ്ങള്‍ക്കു വിട്ടുനല്‍കുന്നത്: മുഖ്യമന്ത്രി  കേന്ദ്ര ബജറ്റ്  India Govt.  Finance Minister  Budget 2021  COVID-19  നിര്‍മല സീതാരാമന്‍  ടാബ് ബഡ്ജറ്റ്  ദുരന്ത കാലത്തെ ബജറ്റ്
കേന്ദ്ര ബജറ്റ് രാജ്യത്തെ പൂര്‍ണമായി കച്ചവട താല്‍പര്യങ്ങള്‍ക്കു വിട്ടുനല്‍കുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: നവ ഉദാരവല്‍ക്കരണ പ്രക്രിയകളെ പൂര്‍വാധികം ശക്തിയോടെ നടപ്പാക്കുമെന്ന എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപനത്തിന്‍റെ പ്രതിഫലനമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ പൊതുസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും ഇന്‍ഷുറന്‍സ് മേഖലയിലടക്കം വിദേശ നിക്ഷേപം വര്‍ധിപ്പിക്കാനും നിർദേശങ്ങളുള്ള ബജറ്റ് എല്ലാ മേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും അങ്ങനെ രാജ്യത്തെ പൂര്‍ണമായി കച്ചവട താല്‍പര്യങ്ങള്‍ക്കു വിട്ടുനല്‍കുകയും ചെയ്യുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു . ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കാര്‍ഷികമേഖലയില്‍നിന്നും പൂര്‍ണമായി പിന്‍വാങ്ങി അതിനെ സ്വകാര്യ കുത്തകകള്‍ക്കായി തുറന്നുകൊടുത്ത പുതിയ കാര്‍ഷിക നയങ്ങളുടെ പിന്തുടർച്ചയാവുകയാണ് ഈ ബജറ്റ്. കര്‍ഷകസംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ എല്ലാം തന്നെ കേവലം നാടകങ്ങളായിരുന്നു എന്നും വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്നുമുള്ളതിന്‍റെ സ്ഥിരീകരണം കൂടിയാണ് ഈ ബജറ്റിലൂടെ നടത്തിയിരിക്കുന്നത്.കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നതിനുപകരം അവര്‍ക്ക് കൂടുതല്‍ കടം ലഭ്യമാക്കുന്ന നടപടിയാണ് കേന്ദ്രം കൈക്കൊള്ളുന്നത്. ഇത് അവരെ കൂടുതല്‍ കടക്കെണിയിലാക്കും എന്നതല്ലാതെ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുകയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഫാം സെസ് എന്ന പേരില്‍ പെട്രോളിനും ഡീസലിനും ഇന്ധന സെസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അത് വിലക്കയറ്റം വര്‍ധിപ്പിക്കുന്നതിനും പൊതുജനങ്ങളെ കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നതിനും കാരണമാകും. ഇരുമ്പിനും സ്റ്റീലിനും വൈദ്യുതിക്കുമെല്ലാം വിലകൂടുന്ന നിര്‍ദേശങ്ങളാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതാകട്ടെ വളരെ വലിയൊരു വിഭാഗം ആളുകള്‍ തൊഴില്‍ ചെയ്യുന്ന നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കും. ഇന്ത്യന്‍ സാമ്പത്തികരംഗം വലിയ പ്രതിസന്ധിയില്‍ കൂടി കടന്നുപോകുമ്പോഴും രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ജനങ്ങളുടെ കൈകളില്‍ കൂടുതല്‍ പണമെത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നില്ല എന്നത് നിരാശാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ ഡിവൈഡുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടെ ഡിജിറ്റല്‍ സെന്‍സസ് നടപ്പാക്കുമെന്ന പ്രഖ്യാപനം അടിയന്തരമായി പുനഃപരിശോധിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും കൃത്യമായ സ്ഥിതിവിവര കണക്കുകള്‍ അത്യന്ത്യാപേക്ഷിതമാണ്. അവ തയ്യാറാക്കുന്നതിന് ഡിജിറ്റല്‍ സെന്‍സസ് വലിയ വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

അടിസ്ഥാനസൗകര്യ വികസനത്തിനായി ഡെവലപ്മെന്‍റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ (ഡിഎഫ്ഐ) സ്ഥാപിക്കുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. അടിസ്ഥാനസൗകര്യ വികസനത്തിനായി സ്വകാര്യമേഖലയില്‍ നിന്നുള്‍പ്പെടെ ഡിഎഫ്ഐ നിക്ഷേപം സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത്. കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന് പറയുന്നവര്‍ തന്നെ കിഫ്ബിയിലൂടെ കേരളം മുന്നോട്ടുവെച്ച മാതൃക പിന്തുടരുന്നു എന്നത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details