തിരുവനന്തപുരം:സ്വാതന്ത്ര്യലബ്‌ധിയുടെ ദീപ്‌തസ്‌മരണകൾ ഉയർത്തി തലസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ പരേഡ്. കഴിഞ്ഞ 75 വർഷം കൊണ്ട് നേടിയിട്ടുള്ള പുരോഗതികൾക്കിടയിലും എവിടെയാണ് നാമിപ്പോൾ എത്തിനിൽക്കുന്നത് എന്നത് ചിന്തനീയമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ.
'സ്വാതന്ത്ര്യത്തെ ഇനിയും ഉയരങ്ങളിലേക്ക് നയിക്കാനും അർഥവത്താക്കാനും എന്തുചെയ്യാനാകും എന്ന ചിന്തയാണ് ഇന്ത്യയെ സ്നേഹിക്കുന്നവരെ നയിക്കേണ്ടത്. ഈ മഹാമാരിയുടെ ഇടയിൽ ആളുകളുടെ ജീവൻ സംരക്ഷിക്കുക എന്നതാവണം പ്രഥമപരിഗണന.
Also Read: ആത്മനിർഭർ ഭാരത് സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികത്തിൽ: പ്രധാനമന്ത്രി
ഭരണഘടനാ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള പ്രതിജ്ഞയാണ് ഈ ദിനത്തിൽ എടുക്കേണ്ടത് എന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന കാഴ്‌ചപ്പാടുകൾ എത്രത്തോളം ഫലവത്താക്കാൻ ഏഴര പതിറ്റാണ്ടു കാലത്ത് കഴിഞ്ഞുവെന്ന് പരിശോധിക്കുക കൂടി ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യദിനാഘോഷം അർഥപൂർണമാകുന്നത്.
തുല്യതയും സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളും മൗലികമാണെന്ന് ഭരണഘടന രേഖപ്പെടുത്തിയിട്ടുണ്ട്. മതനിരപേക്ഷതയും സോഷ്യലിസ്റ്റ് കാഴ്‌ചപ്പാടും നാനാത്വത്തിൽ ഏകത്വം എന്ന ബഹുസ്വരതയുടെ സമീപനങ്ങളുമാണ് അതിന്‍റെ കരുത്ത്.'
സ്വാതന്ത്ര്യത്തെ അമൃതവുമായി ചേർത്തുവച്ചത് മഹാകവി കുമാരനാശാനെന്ന് മുഖ്യമന്ത്രി
രബീന്ദ്രനാഥ ടാഗോറിന്‍റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കവിതയും ജവഹർലാൽ നെഹ്റുവിന്‍റെ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി പ്രസംഗവും ഉദ്ധരിച്ചാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ദേശീയതലത്തിൽ ആസാദി കാ അമൃത് മഹോത്സവ് ആയാണ് സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത്.