തിരുവനന്തപുരം:ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ കേരള ചീഫ് സെക്രട്ടറി വി.പി ജോയ് നാളെ (ഏപ്രിൽ 28) ഗുജറാത്തിലേക്ക്. വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ചാകും പഠനം. ചീഫ് സെക്രട്ടറിയും അദ്ദേഹത്തിന്‍റെ സ്റ്റാഫ് സെക്രട്ടറിയുമാണ് ഗുജറാത്ത് സന്ദര്‍ശനം നടത്തുന്നത്.
ഉദ്യോഗസ്ഥ തലത്തിലെ ഗുജറാത്തിലെ ഏകോപനവും ചീഫ് സെക്രട്ടറി പഠിക്കും. നാളെ ഗുജറാത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്ന ചീഫ് സെക്രട്ടറി ഒരു സെമിനാറിലും പങ്കെടുക്കുന്നുണ്ട്.
ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ കേരളം:ഗുജറാത്തില്‍ വിജയ് രൂപാണി സര്‍ക്കാര്‍ നടപ്പാക്കിയ സിഎം ഡാഷ്‌ബോര്‍ഡ് സംവിധാനത്തിന്‍റെ പ്രവര്‍ത്തനവും ചീഫ് സെക്രട്ടറി മനസിലാക്കും. വകുപ്പുകളുടെ തത്സമയ പ്രവര്‍ത്തനം വിലയുത്തന്ന സംവിധാനമാണ് സിഎം ഡാഷ്‌ബോര്‍ഡ്. വികസന പദ്ധതികളുടെ ഒരോ പ്രവര്‍ത്തനവും ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളും മുഖ്യമന്ത്രിക്ക് അപ്പപ്പോള്‍ വിലയിരുത്തുന്നതിന് ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് ഗുജറാത്തിന്‍റെ അവകാശ വാദം.
വകുപ്പുകള്‍ സ്റ്റാര്‍ റേറ്റിങ് നല്‍കുന്നത് വഴി മത്സരബുദ്ധിയോടെ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്നും ഗുജറാത്ത് അവകാശവാദമുന്നയിക്കുന്നു. നേരത്തെ കേന്ദ്രവും ഗുജറാത്തിലെ ഡാഷ്‌ബോര്‍ഡ് സംവിധാനത്തിന്‍റെ സാധ്യതകളെ കുറിച്ച് പഠിച്ചിരുന്നു. ചീഫ് സെക്രട്ടറി നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും ഇത് കേരളത്തില്‍ നടപ്പാക്കാനാകുമോയെന്ന് തീരുമാനിക്കുക.
യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിയായിരുന്ന ഷിബു ബേബിജോണ്‍ വികസന മോഡല്‍ പഠിക്കാന്‍ ഗുജറാത്ത് സന്ദര്‍ശനം നടത്തിയപ്പോള്‍ വലിയ വിമര്‍ശനം ഉന്നയിച്ച എല്‍ഡിഎഫാണ് ചീഫ് സെക്രട്ടറിയെ ഇപ്പോള്‍ ഗുജറാത്തിലേക്ക് അയച്ചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.