തിരുവനന്തപുരം: പ്രതിസന്ധികളിൽക്കൂടി കടന്നുപോയ വകുപ്പ് ആയിരുന്നു കൈകാര്യം ചെയ്‌തതെന്നും ചാരിതാർഥ്യത്തോടെ മടങ്ങുന്നുവെന്നും ആന്‍റണി രാജു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിമർശനങ്ങളെല്ലാം തന്‍റെ കസേരയോട് മാത്രമുള്ളതായേ കണ്ടിട്ടുള്ളൂവെന്നും വ്യക്തമാക്കിയ ആന്‍റണി രാജു, രാജി സ്വീകരിച്ച ശേഷം ബാക്കി പറയാമെന്നും പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചതിന് (Antony Raju submitted resignation to CM Pinarayi Viajyan) ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തുടർന്ന് തന്‍റെ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് അദ്ദേഹം മടങ്ങി.
കെ എസ് ആർ ടി സിക്ക് മെച്ചപ്പെട്ട അന്തരീക്ഷം ഒരുങ്ങി: മുഴുവൻ കെ എസ് ആർ ടി സി (KSRTC) ജീവനക്കാർക്കും മുഴുവൻ ശമ്പളവും ഇന്നലെ നൽകി. ശമ്പളം നൽകാനായതിൽ ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ എസ് ആർ ടി സി ഇപ്പോഴും രക്ഷപ്പെട്ട് തന്നെയാണ് നിൽക്കുന്നത്.
നവകേരള ബസിന്‍റെ കാര്യം തീരുമാനിക്കേണ്ടത് സർക്കാർ ആണ്. ഇനി താനല്ല അത് തീരുമാനിക്കേണ്ടത്. തിരുവനന്തപുരം മണ്ഡലത്തിൽ എം എൽ എ ആയി തുടരും. നിയോജക മണ്ഡലത്തിൽ കൂടുതൽ സമയം പ്രവർത്തിക്കാനുള്ള അവസരമാണ് കൈവന്നിരിയ്‌ക്കുന്നതെന്നും ആന്‍റണി രാജു പറഞ്ഞു.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിന്‍റെ സമാപന സമ്മേളനത്തിന്‍റെ അധ്യക്ഷനാവാനുള്ള ഭാഗ്യം ലഭിച്ചു. രണ്ടര വർഷം മന്ത്രിയായി തുടരാനായിരുന്നു പാർട്ടി പറഞ്ഞത്. ഇതനുസരിച്ച് കഴിഞ്ഞ മാസം തന്നെ ആന്‍റണി രാജു രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ നവകേരള സദസ് കഴിയുന്നത് വരെ മന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു.