തിരുവനന്തപുരം:സംസ്ഥാനം അൺലോക്കിലേക്ക്. പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും. സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്ലെറ്റുകളും ബാറുകളും പ്രവർത്തിക്കും. രാവിലെ ഏഴ് മണി മുതൽ രാത്രി ഏഴ് മണി വരെയായിരിക്കും പ്രവർത്തിക്കുക. ആപ്പ് വഴി ബുക്ക് ചെയ്യണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബാറുകളില്‍ നിന്ന് പാഴ്സലുകള്‍ക്ക് മാത്രമാവും അനുമതി.
ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ തുടരും. ഹോട്ടലുകളിൽ ഹോം ഡെലിവറിയും ടേക്ക് എവെയും മാത്രമായിരിക്കും അനുവദിക്കുക. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും തുറക്കാം. ശനി, ഞായർ ദിവസങ്ങളിൽ ലോക്ക്ഡൗൺ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ടിപിആർ എട്ട് ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ എല്ലാ കടകൾക്കും തുറക്കാം. എട്ടിനും 20നും ഇടയിൽ ടിപിആറുള്ള പ്രദേശങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാൻ മാത്രമായിരിക്കും അനുമതി. മറ്റ് കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും പ്രവർത്തിക്കുക. മറ്റന്നാൾ മുതൽ സർക്കാർ ഓഫീസുകളിൽ 25 ശതമാനം ജീവനക്കാർക്ക് എത്താം. സ്വകാര്യ സ്ഥാപനങ്ങൾക്ക് 50 ശതമാനം പേരെ വെച്ച് പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. വിവാഹം, മരണം എന്നിവയ്ക്ക് പങ്കെടുക്കാവുന്നത് 20 പേർക്ക് മാത്രമായിരിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ കൊവിഡ് രണ്ടാം തരംഗം നിയന്ത്രണവിധേയമായതിനാലാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. ടിപിആർ ഉയർന്ന പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൂടുതൽ വായനയ്ക്ക്:സംസ്ഥാനം അൺലോക്കിലേക്ക്; ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിൽ മാറ്റം