തിരുവനന്തപുരം:ഭരണപക്ഷ - പ്രതിപക്ഷ വാക്പോരിനിടെ നിയമസഭ സമ്മേളനം ഇന്ന് വീണ്ടും ചേരും. യുഡിഎഫിന്‍റെ പാർലമെന്‍ററി പാർട്ടി യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും. നിയമസഭ സംഘർത്തിൽ സ്പീക്കറുടെ റൂളിങ് ഇന്ന് ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ സഭ നടപടികൾ ഇന്ന് സമാധാനപരമായി നടക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
അനുനയനീക്കത്തിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഇന്ന് സമവായ ചർച്ചയും നടന്നേക്കും. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം തുടർച്ചയായി തള്ളുന്ന സാഹചര്യത്തിലാണ് സഭ പ്രക്ഷുബ്ധമാകുന്നത്. എന്നാൽ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കണം എന്ന ആവശ്യത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം. കഴിഞ്ഞ ബുധനാഴ്ച സഭയ്ക്കുള്ളിൽ ഉണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ എംഎൽഎമാരെ കൈയേറ്റം ചെയ്ത ഭരണപക്ഷം എംഎൽഎമാർക്കും വാച്ച് ആൻഡ് വാർഡുമാർക്കും എതിരെ നടപടി വേണമെന്ന ആവശ്യത്തിലും ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം.
വെള്ളിയാഴ്ച ചേർന്ന നിയമസഭ സമ്മേളനം പ്രതിപക്ഷ ബഹളത്തെ തുടർന്ന് 10 മിനിറ്റിനുള്ളിൽ പിരിഞ്ഞു. മാര്‍ച്ച് 15ന് സ്‌പീക്കറുടെ ഓഫിസിന് മുന്‍പില്‍ ഉണ്ടായ സംഘർഷത്തിൽ ഏകപക്ഷീയമായി കേസടുത്തതിനാലാണ് പ്രതിപക്ഷം വെള്ളിയാഴ്ചയും എതിർപ്പറിയിച്ചത്. സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ വിഡി സതീശൻ എഴുന്നേറ്റ് സംസാരിക്കാൻ തുടങ്ങി. വാദി പ്രതിയാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വനിത എംഎൽഎമാരെ വരെ ആക്രമിച്ച ഭരണപക്ഷ എംഎൽഎമാർക്കെതിരെ നിസാര വകുപ്പും പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരവും കേസടുത്തെന്നും വി ഡി സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് ഓഫ് ചെയ്‌ത് സ്‌പീക്കർ ചോദ്യോത്തര വേള ആരംഭിച്ചു. സമ്മേളനം തുടങ്ങി 10 മിനിട്ടിനുള്ളിൽ തന്നെ സഭ പിരിയുന്നുവെന്ന് സ്‌പീക്കർ അറിയിച്ചു. സ്‌പീക്കറുടെ ഡയസിന് മുന്‍പില്‍ പ്രതിപക്ഷം, അവകാശം ഔദാര്യമല്ലെന്ന് എഴുതിയ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം നടത്തി. സ്‌പീക്കർ സഭാനടപടി പിരിയുന്നുവെന്ന് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് സഭ ഇന്ന് പുനരാരംഭിക്കുന്നത്. അതേസമയം, നിയമസഭയില്‍ സ്‌പീക്കറുടെ മുറിക്ക് മുന്‍പിലുണ്ടായ സംഘര്‍ഷത്തില്‍ കേസിന്‍റെ അന്വേഷണ ചുമതല പ്രത്യേക അന്വേഷണ സംഘത്തിന്. വാച്ച് ആന്‍ഡ് വാര്‍ഡുമാരും പ്രതിപക്ഷ ഭരണപക്ഷ എംഎല്‍എമാരും തമ്മില്‍ മാര്‍ച്ച് 15നാണ് സംഘര്‍ഷമുണ്ടായത്. ഈ സംഭവത്തില്‍ മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്.
നിയമസഭയിലുണ്ടായ സംഘർഷത്തിൽ മഹസർ തയ്യാറാക്കാനും എംഎൽഎമാരുടെ മൊഴിയെടുക്കാനും അനുമതി തേടി നിയമസഭ സെക്രട്ടറിക്ക് മ്യൂസിയം പൊലീസ് കത്ത് നൽകി. കഴിഞ്ഞ ബുധനാഴ്‌ചയാണ് പ്രതിപക്ഷം സ്‌പീക്കറുടെ ഓഫിസ് ഉപരോധിച്ചതും തുടർന്ന് സംഘർഷമുണ്ടായതും. സംഭവത്തിൽ തുടർ നടപടിക്കാണ് മ്യൂസിയം പൊലീസ് നിയമസഭ സെക്രട്ടറിയുടെ അനുമതി തേടിയത്. സ്‌പീക്കറുടെ ഓഫിസിന് മുന്നിലെത്തി മഹസർ തയാറാക്കണമെന്നാണ് മ്യൂസിയം പൊലീസ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സഭ ടിവിയുടെയും സഭക്കുള്ളിലെ സിസിടിവിയിലെ ദൃശ്യങ്ങളും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതി പട്ടികയിലുള്ള എംഎൽഎമാരുടെയും സാക്ഷികളായ എംഎൽഎമാരുടെയും ഉദ്യോഗസ്ഥരുടെയും മൊഴി എടുക്കാനും അനുമതി തേടിയിട്ടുണ്ട്. എന്നാൽ മ്യൂസിയം പൊലീസിന്‍റെ ആവശ്യത്തിൽ നിയമസഭ സെക്രട്ടേറിയറ്റ് ഉടൻ തീരുമാനമെടുക്കാൻ സാധ്യതയില്ല. സഭ തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഭരണപക്ഷ നീക്കം. ഇതിനായുള്ള അനുനയ നീക്കങ്ങളും നടക്കുകയാണ്.