തിരുവനന്തപുരം : താത്‌കാലികമായി നിർത്തിവച്ച ഒൻപതാമത് നിയമസഭ സമ്മേളനം (Kerala Ninth Assembly Session) നാളെ (10.09.2023) പുനരാഭിക്കും. വിവിധ ബില്ലുകളുടെ നിയമനിർമാണത്തിനായി കഴിഞ്ഞമാസം ഏഴിന് തുടങ്ങിയ നിയമസഭ സമ്മേളനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് 24-ാം തീയതി വെട്ടിച്ചുരുക്കുകയായിരുന്നു. ഒരു ഇടവേളയ്‌ക്ക് ശേഷം തുടരുന്ന നിയമസഭ സമ്മേളനത്തിൽ ഭരണപക്ഷത്തെ മുൾമുനയിൽ നിർത്തുന്ന ഒരുപാട് വിഷയങ്ങളുമായാണ് പ്രതിപക്ഷം ഇത്തവണയും സഭയിൽ പങ്കെടുക്കുക.
പ്രതിസന്ധി സൃഷ്‌ടിക്കാൻ പ്രതിപക്ഷം :എല്ലാ പ്രാവശ്യത്തെയും പോലെ ഇത്തവണയും ഭരണപക്ഷത്തിനെതിരെ നിരവധി ആയുധങ്ങളുമായാണ് പ്രതിപക്ഷം (Opposition Protest) സഭയിലേക്ക് വരിക. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ ചാണ്ടി ഉമ്മനും (Chandy Oommen) കോൺഗ്രസിന്‍റെ കൂടെ ഇത്തവണ പ്രതിഷേധത്തിന് ഉണ്ടാകും. പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച അധിക വോട്ടുകൾ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ആയുധമാക്കിയേക്കും.
ഉമ്മൻചാണ്ടിയോടുള്ള സഹതാപ വോട്ടിനേക്കാൾ ഉപരി ഭരണവിരുദ്ധ വോട്ടുകൾ ആണ് കോൺഗ്രസിന് ലഭിച്ചതെന്ന് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പുറമെ മുൻമന്ത്രിയും നിയമസഭ അംഗവുമായ എസി മൊയ്‌തീനെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി ചോദ്യം ചെയ്യുന്നതും നാളെയാണ്. കൂടാതെ കഴിഞ്ഞ നിയമസഭ സമ്മേളനത്തിന്‍റെ അവസാനം ഉയർന്നുവന്ന മാസപ്പടി വിവാദവും പിന്നാലെ പ്രതിപക്ഷമുയർത്തിയ ഏഴ് ചോദ്യങ്ങളും നിയമസഭയെ കലുഷിതമാക്കാൻ സാധ്യതയുണ്ട്.
അധ്യാപക ദിനത്തിൽ ഇടതുപക്ഷ സംഘടനയിൽപ്പെട്ട പ്രധാന അധ്യാപകൻ ഉച്ചഭക്ഷണ പ്രതിസന്ധിയെ സംബന്ധിച്ച് അധികൃതർക്ക് നൽകിയ കത്തും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയും മുഖ്യമന്ത്രി പുതിയ ഹെലികോപ്‌റ്റർ വാടകയ്‌ക്ക് എടുക്കുന്നതും പ്രതിപക്ഷം സഭയിൽ പ്രധാന വിഷയമാക്കിയേക്കും. ഇതിനുപുറമെ നെൽ കർഷകരുടെ പ്രശ്‌നവും സംസ്ഥാനത്ത് സ്‌ത്രീകൾക്കെതിരെ തുടരുന്ന അതിക്രമങ്ങളും ചർച്ചയിൽ വരും. ഐഎച്ച്‌ആർഡി ഡയറക്‌ടറും ഇടതുപക്ഷ നേതാവുമായ നന്ദകുമാർ, അച്ചു ഉമ്മനെതിരെ നടത്തിയ സൈബർ ആക്രമണവും ചർച്ചയുടെ ചൂട് കൂട്ടിയേക്കും.
പാസാക്കാൻ 14 ബില്ലുകൾ
- 1. ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും എതിരായ അതിക്രമങ്ങൾ തടയാനുള്ള ഭേദഗതി ബിൽ
- 2. കേരള മോട്ടോർ വാഹന തൊഴിലാളികൾക്ക് ന്യായമായ വേതനം നൽകൽ ഭേദഗതി ബിൽ
- 3. കേരള ക്ഷീരകർഷക ക്ഷേമനിധി ഭേദഗതിബിൽ
- 4. കേരള നികുതി ചുമത്തൽ ഭേദഗതി ബിൽ
- 5. ശ്രീ പണ്ടാരവക ഭൂമി ഭേദഗതി ബിൽ
- 6. അബ്‌കാരി ഭേദഗതി ബിൽ
- 7. കേരള കന്നുകാലി തീറ്റ കോഴി തീറ്റ ധാതുലവണ മിശ്രിതം ഉൽപാദനവും വിൽപനയും നിയന്ത്രിക്കൽ ബിൽ
- 8. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ബിൽ
- 9. സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കുന്നതിനുമുള്ള കേരള മെഡിക്കൽ വിദ്യാഭ്യാസം ഭേദഗതി ബിൽ
- 10. കേരള പി എസ് സി രണ്ടാം ഭേദഗതി ബിൽ
- 11. കേരള സഹകരണ സംഘ മൂന്നാം ഭേദഗതി ബിൽ
- 12. കേരള ഗവൺമെന്‍റ് ഭൂമി പതിച്ചു കൊടുക്കൽ ഭേദഗതി
- 13. കേരള കെട്ടിടനികുതി ഭേദഗതി ബിൽ
- 14. ഇന്ത്യൻ പങ്കാളിത്ത കേരള ഭേദഗതി