തിരുവനന്തപുരം:ഹോട്ടൽ ജീവനക്കാർക്ക് ഏർപ്പെടുത്തിയ ഹെൽത്ത് കാർഡ് പണം വാങ്ങി പരിശോധനയില്ലാതെ വിതരണം ചെയ്‌ത സംഭവത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി പ്രതിപക്ഷം. മുന്‍ ഭക്ഷ്യമന്ത്രിയും പിറവം എംഎല്‍എയുമായ അനൂപ് ജേക്കബാണ് നോട്ടിസ് നല്‍കിയത്. ആരോഗ്യ സുരക്ഷ വകുപ്പുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
'കൃത്യമായ പരിശോധനയില്ലാതെ മുഖത്ത് പോലും നോക്കാതെ സെക്യൂരിറ്റി ക്യാബിനിലിരുന്ന് ഹെൽത്ത് കാർഡ് നൽകുകയാണ്. 300 രൂപ കൈക്കൂലി വാങ്ങി ദോശ ചുടുന്നത് പോലെ ഹെൽത്ത് കാർഡ് നൽകുന്ന സ്ഥിതിയാണ്. ഇത് സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിൻ്റെ ശരിയായ ചിത്രം വ്യക്തമാക്കുന്നു. പ്രഖ്യാപനം നടത്തുന്നതല്ലാതെ ഒന്നും വകുപ്പിൽ നടക്കുന്നില്ല. ഇതുവരെ വിതരണം ചെയ്‌ത ഹെൽത്ത് കാർഡുകളെല്ലാം 100% കൃത്യമാണോ എന്ന് മന്ത്രിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമോ' എന്നും അനൂപ് ജേക്കബ് ചോദിച്ചു.
അട്ടിമറി നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്ന് മന്ത്രി:ഹെല്‍ത്ത് കാര്‍ഡ് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് സഭയെ അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ 11 വര്‍ഷമായുള്ള നിയമം കര്‍ശനമായി നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുരക്ഷിത ഭക്ഷണം കിട്ടുന്ന ഇടമായി കേരളത്തെ മാറ്റും. നിയമം നടപ്പിലാക്കുന്നതിനായി പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും പ്രശ്‌നത്തെ സാമാന്യവത്‌ക്കരിക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.