തിരുവനന്തപുരം:ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. നയപ്രസംഗത്തിന് എത്തിയ ഗവര്‍ണറെ ഗോബാക്ക് വിളികളോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെ മുദ്രവാക്യങ്ങളുമായി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തെ ശക്തമായ ഭാഷയിലാണ് ഗവര്‍ണര്‍ നേരിട്ടത്. നിയമസഭയുടെ അന്തസത്ത കാത്തുസൂക്ഷിക്കണമെന്നും നിങ്ങളുടെ പ്രവൃത്തി ജനം കാണുന്നുണ്ടെന്നും നിയമസഭയോട് ഉത്തരവാദിത്തമുള്ള അംഗങ്ങളാണ് നിങ്ങളെന്നും ഗവര്‍ണര്‍ നയപ്രസംഗത്തിന് മുമ്പ് പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം വക വയ്ക്കാതെയാണ് ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.
നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ തയ്യാറാകാതെ സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് ഗവർണർ സൃഷ്‌ടിച്ച അനിശ്ചിതത്വം പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. ഗവർണറെ അനുനയിപ്പിക്കാൻ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെആർ ജ്യോതിലാലിനെ മാറ്റിക്കൊണ്ടുള്ള സർക്കാർ തീരുമാനം വന്നശേഷമാണ് ഗവർണർ ഒപ്പിട്ടത്.