തിരുവനന്തപുരം:ലോകായുക്ത നിയമഭേദഗതി ബില്‍ പാസാക്കി നിയമസഭ. ബില്ലിന്‍മേലുള്ള ഗവര്‍ണറുടെ അധികാരം എടുത്തുകളയണമെന്ന സിപിഐ നിര്‍ദേശം ഔദ്യോഗിക ഭേദഗതിയായി അവതരിപ്പിച്ചു. ജനപ്രതിനിധികള്‍ അല്ലാത്ത പൊതുപ്രവര്‍ത്തകരെ ഒഴിവാക്കിയാണ് നിയമ ഭേദഗതി.
അതേസമയം, ലോകായുക്തയെ പിരിച്ച് വിടുന്നതിന് തുല്യമായ നിയമഭേദഗതിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 1999 ല്‍ ഇകെ നായനാറിന്‍റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സര്‍ക്കാരാണ് ലോകായുക്ത നിയമം കൊണ്ടുവന്നത്. ഇത് 23 വര്‍ഷത്തിന് ശേഷം, പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഭേദഗതി വരുത്തുകയായിരുന്നു. ലോകായുക്ത സെക്ഷന്‍ 14 പ്രകാരം പുറപ്പെടുവിക്കുന്ന വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാണ് എന്ന വ്യവസ്ഥയിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്.
പുതിയ വ്യവസ്ഥ ഇങ്ങനെ:ഇനി മുതല്‍ ലോകായുക്ത സെക്ഷന്‍ 14 പ്രകാരം പുറപ്പെടുവിക്കുന്ന വിധിയില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് കഴിയും. ലോകായുക്തയുടേത് മുഖ്യമന്ത്രിക്കെതിരായ വിധിയാണെങ്കില്‍ നിയമസഭയ്‌ക്കും മന്ത്രിക്കെതിരെ ആണെങ്കില്‍ മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കെതിരെ ആണെങ്കില്‍ സ്‌പീക്കര്‍ക്കും അന്തിമ തീരുമാനമെടുക്കാമെന്നാണ് പുതിയ വ്യവസ്ഥ. ജനപ്രതിനിധികള്‍ അല്ലാത്ത രാഷ്‌ട്രീയക്കാരെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സബ്‌ജക്‌ട് കമ്മിറ്റിയുടെ ഭേദഗതിയോടെ മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി പി രാജീവാണ് ലോകായുക്ത നിയമഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ക്രമപ്രശ്‌നം ഉന്നയിച്ചു. സബ്‌ജക്‌ട് കമ്മിറ്റിക്ക് ഭേദഗതി കൊണ്ടുവരാന്‍ അധികാരമില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വാദം. എന്നാല്‍ നിയമസഭയ്‌ക്കുള്ള അതേ അധികാരം സബ്‌ജക്‌ട് കമ്മിറ്റിക്ക് ഉണ്ടെന്ന് മന്ത്രി പി രാജീവ് മറുപടി നല്‍കി. പിന്നാലെ, സര്‍ക്കാരിനെ പിന്താങ്ങുന്ന റൂളിങ് സ്‌പീക്കര്‍ നല്‍കി.