തിരുവനന്തപുരം: 2023 ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ ദി എലഫന്‍റ് വിസ്‌പറേഴ്‌സ് എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ സംവിധായകരെയും, ആര്‍ആര്‍ആര്‍ സംഗീത സംവിധായകന്‍ കീരവാണിയേയും കേരള നിയമസഭ അഭിനന്ദിച്ചു. നിയമസഭയില്‍ ശൂന്യ വേളയുടെ തുടക്കത്തില്‍ സ്‌പീക്കര്‍ എ.എന്‍ ഷംസീറാണ് പ്രതിഭകള്‍ക്ക് നിയമസഭയുടെ അഭിനന്ദനം രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ഓസ്‌കര്‍ അവാര്‍ഡുകളുടെ പ്രഖ്യാപനത്തില്‍ മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ കാര്‍ത്തികി ഗോണ്‍സാല്‍വസും ഗുനിത് മോംഗെയും ചേര്‍ന്നൊരുക്കിയ ഷോര്‍ട്ട് ഫിലിം പുരസ്‌കാരം നേടിയിരിക്കുകയാണ്.
കൂടാതെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തില്‍ പ്രമുഖ സംഗീത സംവിധായകന്‍ എം.എം കീരവാണി ഒരുക്കിയ നാട്ടു നാട്ടു എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഓസ്‌കര്‍ ലഭിച്ചിരിക്കുന്നത്. ലോകത്തിന്‍റെ നെറുകയില്‍ നമ്മുടെ രാജ്യത്തിന്‍റെ യശസുയര്‍ത്തിയ പ്രതിഭകളെ കേരള നിയമസഭ മുക്തകണ്‌ഠ അഭിനന്ദിക്കുന്നു. ആദരവ് രേഖപ്പെടുത്തുന്നു.
ഈ അപൂര്‍വ നേട്ടത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കുമുള്ള സന്തോഷത്തില്‍ കേരള നിയമസഭയും പങ്കു ചേരുന്നു- സ്‌പീക്കര്‍ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു.
ഓസ്‌കര്‍ അവാര്‍ഡും ജേതാക്കളും:ചലച്ചിത്ര പ്രവര്‍ത്തകരുടെ മികവിനെ ആദരിക്കുന്ന അവാര്‍ഡുകളില്‍ എറ്റവും മുകളില്‍ നില്‍ക്കുന്ന പുരസ്‌കാരമാണ് ഓസ്‌കര്‍. അക്കാദമി അവാര്‍ഡ് എന്നും ഓസ്‌കര്‍ അറിയപ്പെടുന്നു. സിനിമയിലെ ഒട്ടുമിക്ക മേഖലകളിലെയും മികച്ച പ്രതിഭകള്‍ക്കും അവരുടെ ചിത്രങ്ങള്‍ക്കുമാണ് ഓസ്‌കര്‍ നല്‍കുന്നത്. സിനിമ മേഖലയിലെ ഏറ്റവും അഭിമാനകരമായ അവാര്‍ഡ് കൂടിയാണ് ഓസ്‌കര്‍.