തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലപ്രവചനങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫും ആശങ്കയില്‍ യുഡിഎഫും കാത്തിരിപ്പ് തുടരുന്നതിനിടെ കേരളത്തിന്‍റെ ജനഹിതമറിയാന്‍ 24 മണിക്കൂര്‍ മാത്രം. നാലു ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ സര്‍വ്വേയിലും എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയാണ് പ്രവചിക്കുന്നത്. റിപ്പബ്‌ളിക് ടിവി-സി.എന്‍.എക്‌സ് സര്‍വ്വേ പ്രകാരം എല്‍.ഡി.എഫിന് 72 മുതല്‍ 80 സീറ്റു വരെ ലഭിക്കും. കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന് 58 മുതല്‍ 64 വരെ സീറ്റുകള്‍ മാത്രമാണ് ലഭിക്കുക. 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്‍ഡ്യ എക്‌സിറ്റ് പോള്‍ പ്രകാരം എല്‍ഡിഎഫിന് 104- 120 സീറ്റുകള്‍ വരെ ലഭിക്കുമ്പോള്‍ യു.ഡി.എഫിന് 20-36 സീറ്റുകള്‍ മാത്രമാണ് ലഭിക്കുക. എബിസി- സീവോട്ടര്‍ സര്‍വ്വേ പ്രകാരം എല്‍ഡിഎഫിന് 71- 77 സീറ്റുകളും യു.ഡി.എഫിന് 62- 68 സീറ്റുകളും മാത്രമാണ് ലഭിക്കുക. ടൈംസ് നൗ സീവോട്ടര്‍ സര്‍വ്വേ എല്‍ഡിഎഫിന് 74 ഉം യു.ഡി.എഫിന് 65 സീറ്റുകളും മാത്രമാണ് ലഭിക്കുക. കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകള്‍ നടത്തിയ എക്‌സിറ്റ് പോളുകളിലും എല്‍ഡിഎഫിന് തന്നെയാണ് മുന്‍ തൂക്കം.
Also Read:കേരളത്തിൽ തുടർഭരണം; ഭരണ വിരുദ്ധ വികാരമില്ലെന്ന് ഇടിവി ഭാരത് സർവെ
എല്ലാ ചാനലുകളും ഒരേ സ്വരത്തിലാണ് എല്‍ഡിഎഫിന് മുന്‍ തൂക്കം പ്രവചിക്കുന്നത്. ഇതൊരു അപകട സൂചനയായി യുഡിഎഫ് കാണുന്നുണ്ടെങ്കിലും മുന്നണി അത് അംഗീകരിക്കുന്നില്ല എന്നതാണ് നേതാക്കന്മാരുടെ പ്രതികരണങ്ങൾ നൽകുന്ന സൂചന. എക്‌സിറ്റ് പോളുകളിലും സര്‍വ്വേകളിലും വിശ്വസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സത്യത്തോട് പുലബന്ധമില്ലാത്ത എക്‌സിറ്റ് പോളുകളാണ് പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തുടര്‍ ഭരണം കേരളം ആഗ്രഹിക്കുന്നുവെന്നും ആ പ്രതിഫലനമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലൂടെ പുറത്തു വരുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. അധികാരം നിലനിര്‍ത്തുമെന്ന കാര്യം മുന്‍പേ വ്യക്‌തമാക്കിയിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവിടെത്തന്നെയാണ് ഇപ്പോഴും താനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്തായാലും മെയ് രണ്ടിന് ഒരുമാസത്തോളം നീണ്ടുനിന്ന ആകാംഷ അവസാനിക്കുകയാണ്. എൽഡിഎഫ് തുടർ ഭരണം നേടുമോ എന്നതാണ് നാട് പ്രധാനമായും ചർച്ച ചെയ്യുന്നത്. കേരളം മഷി പുരട്ടിയതിന്‍റെ പൊരുളറിയാൻ മെയ് രണ്ടിനായി കാത്തിരിക്കാം.