കേരളം

kerala

By

Published : Feb 5, 2021, 9:33 PM IST

ETV Bharat / state

ശബരിമല വിടാതെ യുഡിഎഫ്: സുധാകരന് മുന്നില്‍ മുട്ടുമടക്കി കോൺഗ്രസ്, ചെത്തുകാരന്‍റെ മകനായതില്‍ അഭിമാനമെന്ന് പിണറായി

മുഖ്യമന്ത്രി പിണറായി വിജയന് എതിരായ പരാമർശത്തില്‍ കെ സുധാകരൻ ഉറച്ചു നിന്നപ്പോൾ ഇന്നലെ എതിർപ്പുന്നയിച്ച കോൺഗ്രസ് നേതൃത്വം ഇന്ന് നിലപാട് മാറ്റി. അതിനിടെ, ബിഡിജെഎസ് എൻഡിഎ വിടില്ലെന്നും യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

Kerala Assembly election 2021 Special Story
ശബരിമല വിടാതെ യുഡിഎഫ്: സുധാകരന് മുന്നില്‍ മുട്ടുമടക്കി കോൺഗ്രസ്, ചെത്തുകാരന്‍റെ മകനായതില്‍ അഭിമാനമെന്ന് പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരൻ നടത്തിയ ചെത്തുകാരന്‍റെ മകനെന്ന പരാമർശം തന്നെയാണ് ഇന്നും രാഷ്ട്രീയ കേരളം ചർച്ച ചെയ്തത്. പിണറായി വിജയന് എതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് ഇന്നും കെ സുധാകരൻ ആവർത്തിച്ചു പറഞ്ഞു. മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിച്ചെന്നും തൊഴിലിനെ കുറിച്ച് പറയുന്നത് ജാതി അധിക്ഷേപം അല്ലെന്നുമാണ് സുധാകരന്‍റെ നിലപാട്. അച്ഛന്‍റെ തൊഴിലിനെ കുറിച്ച് പറയുന്നതില്‍ എന്താണ് അപമാനമെന്നും സുധാകരൻ ചോദിച്ചു. പിണറായി വിജയൻ ബഹുമാനം അർഹിക്കുന്നില്ലെന്നും മുഖ്യമന്ത്രിക്ക് എതിരെ താൻ പറഞ്ഞതിനെ വൈകിയാണെങ്കിലും പാർട്ടി അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ടെന്നും കെ സുധാകരൻ പ്രതികരിച്ചു.

അതേസമയം സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞത് ആലങ്കാരികമായിട്ടാണെന്നും വിവാദം ഇതോടെ അടഞ്ഞുവെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പ്രതികരിച്ചത്. സുധാകരന്‍റെ പ്രസ്താവന ശരിയായില്ലെന്ന് ഇന്നലെ പറഞ്ഞ ചെന്നിത്തല 24 മണിക്കൂറിനുള്ളില്‍ നിലപാട് മാറ്റിപ്പറയുകയായിരുന്നു. സുധാകരൻ ജാതീയ പരാമർശം നടത്തിയിട്ടില്ലെന്നും സുധാകരൻ കോൺഗ്രസിന്‍റെ കരുത്തനായ പടയാളി ആണെന്നുമാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് പ്രതികരിച്ചത്. സുധാകരന്‍റേത് നാടൻ ശൈലിയാണെന്നും അഭിപ്രായ പ്രകടനങ്ങൾക്ക് മുൻപ് പാർട്ടിയോട് ആലോചിക്കണമെന്നുമാണ് ഐഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞത്. എന്നാല്‍ പെട്ടെന്ന് പ്രതികരിച്ചത് തന്‍റെ പിഴവെന്നും കെ സുധാകരനോട് ക്ഷമ ചോദിക്കുന്നുവെന്നും കോൺഗ്രസ് നേതാവും എംഎല്‍എയുമായ ഷാനിമോൾ ഉസ്‌മാനും പറഞ്ഞതോടെ മുഖ്യമന്ത്രിക്ക് എതിരായ പരാമർശത്തില്‍ കോൺഗ്രസ് പാർട്ടി കെ സുധാകരന് ഒപ്പമാണെന്ന് ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞു.

സമ്പന്ന പ്രമാണിയുടെ മൂല്യബോധമാണ് കോൺഗ്രസ് പാർട്ടിയെ നിയന്ത്രിക്കുന്നത് എന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ് കെ സുധാകരന്‍റെ പ്രസ്താവനയെന്നാണ് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചത്. ഇത് കോൺഗ്രസിന്‍റെ മൂല്യത്തകർച്ചയാണെന്നും സുധാകരന്‍റെ ഭീഷണിക്ക് മുന്നില്‍ കോൺഗ്രസ് നേതൃത്വം മുട്ടുമടക്കിയെന്നും എ വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരന്‍റെ പിന്നില്‍ നില്‍ക്കുന്ന ആർഎസ്എസിനെ കണ്ട ഭയമാണ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കുള്ളതെന്നാണ് ഡിവൈഎഫ്ഐ ഇന്ന് പ്രതികരിച്ചത്.

എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങള കണ്ടപ്പോൾ നല്‍കിയത്. ചെത്തുകാരന്‍റെ മകനാണ് താനെന്ന കെ സുധാകരന്‍റെ പ്രസ്താവന അപമാനമായി കാണുന്നില്ലെന്ന് പിണറായി പറഞ്ഞു. ആ വിളി അഭിമാനമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്‍റെ അച്ഛനും സഹോദരനും ചെത്തുതൊഴിലെടുത്തവരാണ്. ഏതെങ്കിലും തരത്തിലുള്ള അപമാന ഭാരം തനിക്ക് തോന്നുന്നില്ല. ഹെലിക്കോപ്റ്ററില്‍ യാത്ര ചെയ്യുന്നതിനെ വിമർശിക്കുന്നത് കാലത്തിന് ചേരുന്നതല്ലെന്നും തന്‍റേത് ആഡംബര ജീവിതമാണോ എന്ന് നാടിന് അറിയാമെന്നും പിണറായി പറഞ്ഞു. കോൺഗ്രസ് നേതാക്കൾ പരസ്‌പരം വിമർശിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാവുന്നതേയുള്ളൂവെന്നും പിണറായി പറഞ്ഞു. അതിനിടെ ചെത്തുകാരൻ പരാമർശത്തിൽ കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ. സുധാകരനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് എത്തിയത് ശ്രദ്ധേയമായി. ചെത്തുകാരൻ അത്ര മോശം തൊഴിലല്ല. ഇത് ജാതീയ അധിക്ഷേപമായി ബിജെപി കരുതുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയൻ എത്ര പേരെ അധിക്ഷേപിക്കുന്നു എന്നും സുരേന്ദ്രൻ ചോദിച്ചു.

അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്എൻഡിപി യോഗം ആരെയും പിന്തുണയ്ക്കില്ലെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി യോഗം സ്വതന്ത്ര സംഘടനയാണെന്നും ബിഡിജെഎസ് എൻഡിഎ വിടില്ലെന്നും യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പത്താനപുരം വിട്ട് കൊട്ടാരക്കരയിൽ മത്സരിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന വിശദീകരണവുമായി കെ.ബി ഗണേഷ് കുമാർ എംഎൽഎ രംഗത്ത് എത്തി. പത്തനാപുരത്ത് തന്നെ ഇത്തവണ മത്സരിക്കുമെന്നും മണ്ഡലം മാറി മത്സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്കോ വേണ്ടി ആരോ എഴുതുന്ന തിരക്കഥയാണിത്. ഇത്തരത്തിൽ കഥ എഴുതുന്നവർക്ക് സിനിമയിൽ ശ്രമിച്ചുകൂടെ എന്നും ഗണേഷ് കുമാർ ചോദിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ യുഡിഎഫ് ഉയർത്തിക്കൊണ്ടുവന്ന ശബരിമല നിയമ നിർമാണം ഇന്ന് വീണ്ടും കോൺഗ്രസ് ആവർത്തിച്ചു. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമനിർമാണം നടത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ആത്മാര്‍ഥതയുണ്ടെങ്കില്‍ ശബരിമലയില്‍ ആചാര സംരക്ഷണ നിയമനിര്‍മ്മാണം നടത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാകേണ്ടതെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ ആചാര സംരക്ഷണത്തിന് നടപടി ഉണ്ടാകുമെന്നും കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദും പറഞ്ഞുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല വിഷയത്തിനും ഇന്ന് മറുപടി പറഞ്ഞു. ശബരിമലയില്‍ ഇപ്പോൾ ഒരു പ്രശ്നവുമില്ലെന്നും എല്ലാം സാധാരണ നിലയിലാണെന്നും പറഞ്ഞ മുഖ്യമന്ത്രി, കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷമേ അടുത്ത കാര്യം ആലോചിക്കൂ എന്നും വ്യക്തമാക്കി. കേരളത്തില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി നടപ്പാക്കുന്ന മിഷൻ കേരള പദ്ധതിയില്‍ എ പ്ലസ് മണ്ഡലങ്ങൾ മാത്രം പോരെന്നും 71 മണ്ഡലങ്ങളില്‍ വിജയിക്കാനാവശ്യമായ പദ്ധതികൾ തയ്യാറാക്കാനും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നല്‍കി. അതിനിടെ ഇന്നലെ തൃശൂർ തേക്കിൻകാട് മൈതാനിയില്‍ നടന്ന ബിജെപി പൊതുയോഗത്തിൽ പങ്കെടുത്ത 1000 പേർക്കെതിരെ എപ്പിഡമിക് ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് പൊതുയോഗം സംഘടിപ്പിച്ചതിനാണ് കേസ്. സംഭവത്തില്‍ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് എതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

കേരളത്തില്‍ കൊവിഡ് രൂക്ഷമായി പടരുമ്പോഴും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര, സംസ്ഥാന മന്ത്രിമാർ നയിക്കുന്ന സാന്ത്വന സ്‌പർശം എന്നി പരിപാടികൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ നടക്കുകയാണ്. നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യവുമായി എല്‍ഡിഎഫും മാർച്ച് മൂന്ന് മുതല്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ നയിക്കുന്ന ജാഥയും ആരംഭിക്കുകയാണ്.

ABOUT THE AUTHOR

...view details